Capernaum / കഫർണൗം (2018) کفرناحوم

 


Capernaum / കഫർണൗം (2018) کفرناحوم
---------------------------------------------
സെയ്ൻ,ഇത് തത്സമയ പ്രോഗ്രാമാണ്.
നീ ഇപ്പോൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
റൂമിയാഹ് 'ലെ ജുവൈനൽ ഹോമിൽ നിന്ന് 12 വയസുകാരനായ സൈൻ എൽ ഹജ്ജ് റൂമി ഉറച്ച ശബ്ദത്തിൽ വിളിച്ച് പറയുന്നു
"മുതിർന്ന ആളുകളോടാണ് എനിക്ക് പറയാനുള്ളത്.
നിങ്ങൾക്ക് കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ പറ്റില്ലെങ്കിൽ ദയവു ചെയ്തു അവരെ ജനിപ്പിക്കാൻ നില്ക്കരുത്" .
റൂമിയാഹ് 'ലെ ജുവൈനൽ ഹോമിലെ ഇടനാഴികളിലൂടെ പോലീസുകാരനൊപ്പം നടക്കുന്ന 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സെയിൻ ഗദ്ഗദത്തോടെ അവൻറെ മനസ്സ് തുറക്കുന്നു
"അല്ലെങ്കിലും എനിക്കെന്താണ് ഓർക്കുവാനായിട്ടുള്ളത്? അക്രമവും അവഗണനയും മർദ്ദനങ്ങളുമോ,
ചങ്ങലകൾ കൊണ്ടും പൈപ്പ് കൊണ്ടും അതുമല്ലെങ്കിൽ ബെൽറ്റുകൊണ്ടുമുള്ള മർദനങ്ങളോ?
എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും അനുകമ്പയുള്ള വാക്കുകളാണ് "ഇറങ്ങി പോടാ പന്നിക്കുണ്ടായവനെ!", "കള്ളൻ,നാശം പിടിച്ചവൻ,ശപിക്കപെട്ടവൻ! എന്നൊക്കെ "
എന്റെ ജീവിതം തന്നെ ഒരു മാലിന്യ കൂമ്പാരം പോലെയായി. സ്വന്തം ചെരുപ്പിന്റെ അത്ര പോലും എന്റെ ജീവിതത്തിന് വിലയില്ല.
നരകത്തിൽ താമസിക്കുന്നത് പോലെയും തീയിൽ വെന്തുരുകുന്നത് പോലെയും എനിക്ക് തോന്നുന്നു. ഒരു നായയ്‌ക്കു കൊടുക്കുന്ന പരിഗണന പോലും എനിക്ക് കിട്ടുന്നില്ല
എല്ലാവരും ഇഷ്ട്ടപെടുന്നവൻ ആകുമെന്നും ഒരു ദിവസം എല്ലാം ശരിയാവുമെന്നാണ് ഞാൻ കരുതിയത്.. പക്ഷേ ദൈവത്തിന് അത് അത്ര താൽപര്യമില്ലെന്ന് തോന്നുന്നു. മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യനായി ജീവിക്കാനാണ് ദൈവം വിധിച്ചിട്ടുണ്ടാകുക"
വിതുമ്പിക്കൊണ്ട് സെയ്ൻ അവന്റെ അമ്മയോട് ചോദിക്കുന്നു
"നിങ്ങളുടെ വയറ്റിലുള്ള കുഞ്ഞും എന്നെ പോലെ തന്നെയായിരിക്കും അല്ലേ വളരുക?."
കോടതിമുറിയിൽ നിന്നും മുഴങ്ങുന്ന ശബ്ദത്തിൽ ജഡ്ജ് ചോദിക്കുന്നു
"സെയ്ൻ,നിന്റെ മാതാപിതാക്കളിൽ നിന്നും എന്താണ് നീ പ്രതീക്ഷിക്കുന്നത്?"
ഉറച്ച ശബ്ദത്തിൽ സെയ്ൻ പറയുന്നു ..
"ഇനി അവർ കുട്ടികളെ ജനിപ്പിക്കുന്നത് അവസാനിപ്പിക്കണം."
മനുഷ്യനായിപ്പിറക്കുകയും സഹജീവികളെ ഒരേ കണ്ണോടെ കാണുകയും ചെയ്യുന്ന ഏതൊരാൾക്കും ഉള്ള് പൊള്ളിക്കുന്ന ഒരു നീറ്റലോടെയല്ലാതെ കണ്ടിരിക്കാൻ കഴിയാത്ത ഒരു ആവിഷ്കാരമാണ് നദീൻ ലബാക്കി എന്ന സംവിധായികയുടെ കഫർണൗം എന്ന അറേബ്യൻ ലബനീസ് സിനിമ.
ഗലീലിയിലെ ഒരു നഗരമാണ് കപ്പർനൂം; രോഗശാന്തിയുടെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും അതിന്റെ പാപങ്ങൾക്കായി അനുതപിക്കാൻ വിസമ്മതിച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി യേശു അതിനെ അപലപിച്ചിരുന്നു. കഫർണൗം/കാപർനോം എന്നാൽ ഫ്രഞ്ചിൽ "Chaos"/ആശയക്കുഴപ്പം എന്നാണർത്ഥം.
ബെയ്‌റൂട്ടിലെ ചേരിയിൽ താമസിക്കുന്ന കുടിയേറ്റക്കാരായ കുടുംബത്തിലെ 12 വയസ്സായ സെയിൻ എന്ന കുട്ടി അഞ്ച് വർഷത്തെ തടവിന് ജുവനൈൽ ഹോമിൽ അടക്കപ്പെടുന്ന രംഗത്തിലാണ് കഫർണൗം എന്ന വ്യത്യസ്ത അടരുകളുള്ള നിരവധി രാഷ്ട്രീയ മാനങ്ങളുള്ള കഫർണൗം എന്ന സിനിമ തുടങ്ങുന്നത്.. ഔദ്യോഗിക ജനനസർട്ടിഫിക്കറ്റില്ലാത്തതിനാൽ 12 എന്ന വയസ്സ് പോലും അവന്റെ കാര്യത്തിൽ കേവലം ഊഹക്കണക്ക് മാത്രമാണ് എന്ന് അവൻ തിരിച്ചറിയുന്നത് ആ ജുവനൈൽ ഹോമിൽ വെച്ചാണ് . സെയിൻ തന്റെ അമ്മ സൗദ്, പിതാവ് സെലിം എന്നിവർക്കെതിരെ സിവിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് സൈനെ കോടതിയിൽ ഹാജരാക്കുന്നു കോടതി മുറിയിൽ വച്ച് എന്തിനാണ് മാതാപിതാക്കളെ ശിക്ഷിക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് സെയ്ൻ നൽകുന്ന ഞെട്ടിക്കുന്ന മറുപടി
"എന്നെ ജനിപ്പിച്ചതിന്.." എന്നാണ്
ഒരു ബാലനെ അങ്ങനെ പറയാനിടയാക്കിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അവസ്ഥകളിലേക്കുള്ള എത്തിനോട്ടമാണ് കഫർണൗമിലൂടെ സംവിധായിക നദീൻ ലബാക്കി ചെയ്യുന്നത്. ഒരു പാളിയിൽ നിന്ന് മറ്റൊരു പാളിയിലേയ്ക്ക് അടരുകളായി പടർന്ന് കിടക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട അരിക് ജീവിതം നയിക്കുന്ന വലിയ ഒരു അപര ജനജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ നമ്മുടെ മുന്നിലേയ്ക്ക് വലിച്ചിട്ട് കൊണ്ട് പല തരത്തിലുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ് കഫർണൗം.
ഇതൊരു സിനിമയല്ലേ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടിവരും. സെയിൻ എന്ന 12 വയസ്സ്കാരന്റെ അതിജീവനം വർഷങ്ങളായി സിറിയയിലെ ലെബനൻ അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ നേർചിത്രമാണ്. അവരുടെ പച്ചയായ ജീവിതാവിഷ്കാരമാണത്. ഒരർത്ഥത്തിൽ ഡോക്യൂമെന്റേഷൻ പോലെ വസ്തുതാപരവും എന്നാൽ ചലച്ചിത്രം പോലെ ജീവിതഗന്ധിയുമാണത്..
പ്രധാന കഥാപാത്രമായ സെയിനിനെ അവതരിപ്പിച്ച സെയിൻ അൽ റഫീ എന്ന ബാല നടൻ യഥാർത്ഥത്തിൽ ഒരു അഭയാർത്ഥി ബാലനും കൂടിയാണ് എന്നറിയുമ്പോഴാണ് ബെയ്‌റൂട്ടിലെ ചേരികളിൽ നിന്നുള്ള 12 വയസുകാരനായ സൈൻ എൽ ഹജ്ജ് റൂമിയുടെ അതിജീവനകഥ നമുക്ക് ഒരു അത്ഭുതമായി മാറുന്നത്.
നാമറിയാത്ത നാം ജീവിക്കാത്ത ജീവിതങ്ങൾ നമുക്കൊരു കെട്ടുകഥയായേക്കാം എന്നത് പോലെയല്ല..
ബാലവേല ചെയ്ത് കുടുംബത്തെ നോക്കുന്ന 12 വയസ്സുകാരന്റെയും 7 അംഗങ്ങളുള്ള കുടിയേറ്റക്കാരായ രേഖകളില്ലാത്ത കടവും ജപ്തിനോട്ടീസും മാത്രം ബാക്കിയുള്ള അവന്റെ കുടുംബത്തിന്റെയും കഥയാണിത്.
ഇത് സെയിൻ അൽ ഹജ്ജ് എന്ന 12 വയസ്സുകാരൻ അനുജൻ തന്റെ പെങ്ങളെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്.
ഒപ്പം ഇത് സെയിൻ അൽ ഹജ്ജ് എന്ന 12 വയസ്സുകാരൻ ജ്യേഷ്ടൻ അവന്റെ കയ്യിൽപ്പെട്ട് വന്ന് ചേരുന്ന രണ്ട് വയസ്സുകാരൻ കുഞ്ഞനുജൻ എത്യോപ്യക്കാരനായ യോനാസിനെ സംരക്ഷിക്കാൻ നടത്തുന്ന അതിജീവനത്തിന്റെ കഥയാണത്.
മറ്റാരുടെയോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് വ്യാജ പേരിൽ ജോലി ചെയ്ത ജീവിക്കുന്ന, 2 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന മകനെ പുറത്ത് കാണിച്ചാൽ ഡി പോർട്ട് ചെയ്യുമെന്ന കാരണത്താൽ അവനെ ഒളിപ്പിച്ച് വക്കുന്ന നിസ്സഹായയായ എത്യോപ്യക്കാരിയും അനധികൃത കുടിയേറ്റക്കാരിയുമായ റാഹേലിൻറെ കണ്ണീരുണങ്ങാത്ത ജീവിതമാണത് .
സിറിയൻ യുദ്ധത്തിന് ശേഷം അവിടേക്ക് കുടിയേറിപ്പാർത്ത ലെബനന് അനധികൃത അഭയാർത്ഥികളുടെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം.അതിലൂടെ ലോകം മുഴുവനുമുള്ള ബാലപീഡനത്തിന്റെയും പട്ടിണിയുടെയും ജീവിക്കുന്ന രൂപകമായി കഫർണൗമിലെ ഓരോ കഥാപാത്രങ്ങളും നിങ്ങളെ പൊള്ളിച്ച് കൊണ്ട് കടന്ന് പോകുന്നു..12 വയസ്സുകാരനായ സെയിനും കുടുംബവും താമസിക്കുന്നത് ഒരു ചെറിയ ഒറ്റമുറി വീട്ടിലാണ്. ഏഴ് കുട്ടികളും അച്ഛനും അമ്മയുമെല്ലാം ഒരു മുറിയിൽ ചുരുങ്ങുമ്പോഴുണ്ടാകുന്ന സ്വകാര്യതയുടെ പ്രശ്നങ്ങൾ മുതൽ മറ്റ് മാർഗ്ഗമില്ലാതെ അനധികൃത കുടിയേറ്റക്കാരായതിനാൽ അവരെ സംരക്ഷിക്കുന്ന മുതലാളി സ്വന്തം മകളെ വിൽക്കാൻ മുതിരുന്ന മാതാപിതാക്കളുടെ നിസ്സഹായതയിലേക്ക് വരെ സിനിമ യാത്ര ചെയ്യുന്നു.
പ്രിയപ്പെട്ട സെയ്ൻ നീ കടന്ന് പോയ വേദനകളിൽ ഞങ്ങളും താദാത്മ്യം കൊള്ളുന്നു എന്ത് കൊണ്ടെന്നാൽ ഇന്നും എന്നും പൊള്ളുന്ന നോവാണ് ഓരോ അരിക് ജീവിതങ്ങളും.
സെയ്‌നും റാഹേലും താമസിക്കുന്ന ചേരിയുടെ ആകാശക്കാഴ്ചകൾ സൂം ചെയ്ത് വന്നാൽ നാം ഒരു പക്ഷെ ചെന്നെത്തുക മുംബൈയിലെ ധാരാവിയിലോ, എന്തിനു ഫോർട്ട് കൊച്ചിയിലെ ഒറ്റമുറി ജീവിതങ്ങളിലോ, കമ്മട്ടിപ്പാടങ്ങൾ പോലെയുള്ള നമ്മുടെ ചേരികളിൽ തന്നെയാവും.
പ്രിയപ്പെട്ട സെയ്ൻ കണ്ണീരുണങ്ങാത്ത നിന്റെ കവിൾത്തടങ്ങളിൽ പ്രതിഫലിക്കുന്നത് ദാരിദ്ര്യം കൊണ്ടും, യുദ്ധം കൊണ്ടും പ്രതീക്ഷയറ്റ ലോകത്തെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കരുവാളിച്ച മുഖങ്ങളായിരിക്കും.
പ്രിയപ്പെട്ട സെയ്ൻ കേവലം രണ്ട് കോഴിക്കായി കൗമാരക്കാരിയായ നിന്റെ പെങ്ങളെ ജീവിതത്തിന്റെ നിർബന്ധ അവസ്ഥകൊണ്ട് മുതലാളിയുടെ മകന് വിവാഹം ചെയ്ത് കൊടുക്കുന്ന അവസ്ഥയിലേയ്ക്ക് നിന്റെ മാതാപിതാക്കൾ മാറിയപ്പോൾ “മൂപ്പ് എത്താൻ പെൺകുട്ടി എന്താ തക്കാളിയാണോ” എന്ന് നീ അക്രോശിക്കുന്നുണ്ട്. സഹോദരിയെ ചെറുപ്രായത്തിൽ തന്നെ മറ്റൊരുവന്റെ കൂടെ വിടുന്നത് തടയാകാതെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്ന സെയിൻ, നിന്റെ വേദന ഞങ്ങളുടെതും കൂടിയാണ്.
നിന്റെ പിറക്കാതെ പോയ കുഞ്ഞനുജൻ യോനാസിനെയും കൊണ്ട് നീ സ്‌കേറ്റിങ് ബോർഡിൽ ഘടിപ്പിച്ച തള്ളു വണ്ടിയിൽ തെരുവുകൾ തോറും അലയുമ്പോൾ, അവനു ഒരു നേരത്തെ ഭക്ഷണം നൽകാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നിലെ കൂടപ്പിറപ്പിനേക്കാളും വലിയ മാനുഷികതയെ ഞങ്ങൾ തിരിച്ചറിയുന്നു.
യോനാസിന്റെ കണ്ണുകളിലെ നിഷ്കളങ്കതയും ദൈന്യതയും മാത്രം മതി ഏതൊരു മനുഷ്യജീവിയെയും അക്രമത്തിന്റെയും, സംഘര്ഷത്തിന്റെയും പാത വിട്ട് സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പാതകളെ സ്വീകരിക്കാൻ
രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇത്പോലെ ദുരിതമനുഭവിക്കുന്ന ഒരുപാട് ജനങ്ങളുണ്ടെന്നും ഓരോ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആത്യന്തിക ഇരകൾ കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നും കഫർനാം നമ്മെ ഓർമ്മപ്പെടുത്തുന്നു
ഒരു മനുഷ്യൻ ഈ ലോകത്ത് ഏറ്റവും നിസ്സഹായനായിപ്പോവുന്നതെപ്പോഴാണെന്ന് നിങ്ങൾക്കറിയുമോ?
അത് "താൻ ജീവിച്ചിരിക്കുന്നു എന്നുള്ള ഔദ്യോഗിക രേഖകളില്ലാത്തതിന്റെ പേരിൽ രാജ്യങ്ങളുടെ അതിർത്തികൾക്കപ്പുറവും ഇപ്പുറവും നിസ്സഹായനായി അയാൾക്ക് പകച്ച് നിൽക്കേണ്ടി വരുമ്പോഴാണ്"
അല്ലെങ്കിൽ ഇടുങ്ങിയ ഗലികളിൽ , പന്നിക്കൂട് പോലെയുള്ള ഒറ്റമുറികളിൽ ഒരു പെരുച്ചാഴിയെപ്പോലെ അയാൾക്ക് ഒളിച്ച് താമസിക്കേണ്ടിവരികയും, ഒരു തുണ്ട് കടലാസിന്റെ പേരിൽ സഹജീവികളായ മറ്റു മനുഷ്യർ അയാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരവസ്ഥയാണത് ...
ഈ ഭൂമിയിൽ പിറന്ന ഒരു മനുഷ്യജീവിയാണ് അയാളും. ശരിക്ക് പറഞ്ഞാൽ എല്ലാവരെയും പോലെ ഈ ഭൂമിയുടെ അവകാശിയാണയാളും ..
പക്ഷെ ചില മനുഷ്യ നിയമങ്ങളുടെ കണ്ണിൽ അയാളുടെ അവകാശവാദം ഉന്നയിക്കാൻ ഉള്ള രേഖകൾ അയാൾക്കില്ല. അയാൾക്കില്ലാത്തത് അയാളുടെ കുടുംബത്തിനും ഇല്ല..
അതിജീവനത്തിനായി എന്തെങ്കിലും രേഖകൾ ഉണ്ടാക്കുകയോ മെച്ചെപ്പെട്ട ഒരു ജീവിതത്തിനായി കുടുംബത്തോടൊപ്പം മറ്റൊരു ഭൂമിയുടെ അതിർത്തിയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനാവുകയു ചെയ്യുന്ന അഭയാർഥിയാണയാൾ...
സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള അങ്ങനെയുള്ള ഒരു പലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച് കരയ്ക്കടിഞ്ഞ ഐലൻ കുർദി എന്ന കുഞ്ഞിന്റെ ചിത്രം ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത് നിങ്ങൾ മറന്ന് കാണില്ല. അന്ന് ഐലന്റെ മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരൻ ഗാലിബും ഒപ്പം മുങ്ങി മരിച്ചിരുന്നു..
അനധികൃത കുടിയേറ്റക്കാരനായി എവിടെയെങ്കിലും എത്തിപ്പറ്റിയാൽത്തന്നെ അന്യനും അപരനുമായി ഭൂമിയിൽ ജീവിക്കുകയും നിരവധി തവണ പോലീസ് റെയ്‌ഡിൽ പിടിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ അടയ്ക്കപ്പെടുകയോ അല്ലെങ്കിൽ രണ്ടാം കിട പൗരന്മാരായി ആ മണ്ണിൽ തന്നെ ഒടുങ്ങുകയുമാണ് ഒട്ടു മിക്ക അഭയാർത്ഥി ജീവിതങ്ങളും.
റാഹേലും അനധികൃത കുടിയേറ്റക്കാരും താമസിക്കുന്ന തടവറയുടെ മുന്നിൽപ്പോയി അവരുടെ സന്തോഷത്തിനു വേണ്ടി ഒരു സാമൂഹ്യ സംഘടനയിലെ അംഗങ്ങൾ പാട്ടു പാടുന്ന ഒരു രംഗമുണ്ട് കഫർനൗമിൽ. സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട് നിൽക്കുന്ന മനുഷ്യ ജീവിയുടെ മുമ്പിൽപ്പോയി തന്റെ സിംപതിയുടെ മാലിന്യക്കൂമ്പാരം അഴിച്ച് വെച്ച് പല്ലിളിച്ച് പാട്ട് പാടുന്നത് കേൾക്കുമ്പോൾ ജുഗുപ്ത്സയാണ് തോന്നുക. സിംപതിയിൽ നിന്ന് മാറി എമ്പതി കൊതിക്കുന്ന ആ മനുഷ്യർക്ക് നിർവികാരമായ നോട്ടങ്ങളും പകച്ച മുഖങ്ങളും മാത്രമാണ് പകരം നല്കാനാവുക. എങ്കിലും അവർ നിങ്ങളുടെ സന്തോഷത്തിനായി യാന്ത്രികമായിട്ടെങ്കിലും ചുവടുകൾ വെച്ച് തരും. നിങ്ങളത് പ്രതീക്ഷിച്ച് കൊണ്ടാണിതൊക്കെ ചെയ്യുന്നതെന്ന് നിങ്ങളെത്തന്നെ ഓർമ്മപ്പെടുത്താൻ.
കഫർനൗമിനെ പ്പോലെയുള്ള ചലച്ചിത്രങ്ങളിൽ നിന്നും അതിനേക്കാൾ പൊള്ളിക്കുന്ന ലോകമെങ്ങുമുള്ള അഭയാർത്ഥി ജീവിതങ്ങളുടെയും കുടിയേറ്റക്കാരുടെയും യഥാർത്ഥ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നത് കൊണ്ടാവണം മനഃസാക്ഷിയുള്ള ഏതൊരു മനുഷ്യനും പൗരത്വത്തിന്റെയും കേവലം കടലാസ് രേഖകളുടെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന അവനെ അന്യനാക്കുന്ന അവനെ അതിർത്തിയിലും തടങ്കൽപാളയങ്ങളിലേയ്ക്കും അയക്കുന്ന ഏതൊരു പ്രത്യശാസ്ത്രത്തെയും മാനുഷിക നിയമങ്ങളെയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നത്..
തന്റെ അസ്തിത്വത്തിനു വേണ്ടിയുള്ള രേഖയ്ക്കായി ഒരു ഫോട്ടോ എടുക്കാൻ പോകുമ്പോൾ അവസാന ഷോട്ടിൽ സെയ്ൻ ചിരിക്കുന്ന ഒരു ചെറു പുഞ്ചിരിയുണ്ട്. വേദനയുടെ കലങ്ങിയ കണ്ണുകളുമായി വിതുമ്പുന്ന ചുണ്ടുകളുമായി നിൽക്കുന്ന സെയിനിന്റെ മുഴുനീള രംഗങ്ങളെയും നിഷ്പ്രഭമാക്കുന്ന സന്തോഷത്തിന്റെ ഒരു ചെറു പുഞ്ചിരി. സഹജീവികളിൽ ആ ഒരു ചെറു പുഞ്ചിരി വിരിയിക്കാൻ കഴിയുക എന്നതാവട്ടെ നമ്മുടെ ഈ ചെറു ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ.
-----
ഈ ചിത്രം 2018 കാൻസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറി, അവിടെ വെച്ച് പാം ഡി ഓർ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ജൂറി പുരസ്കാരം നേടുകയും ചെയ്തു . മെയ് 2018 ന് കാൻസിൽ പ്രീമിയറിനെ തുടർന്ന് ചിത്രത്തിന് 15 മിനിറ്റ് സ്റ്റാൻഡിംഗ് ഓവേഷൻ ലഭിച്ചു. ലബാകിയുടെ സംവിധാനം, അൽ റഫിയയുടെ പ്രകടനം, ചിത്രത്തിന്റെ "ഡോക്യുമെന്ററി പോലുള്ള റിയലിസം" എന്നിവയ്ക്ക് ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു.91-മത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.


Comments

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌