ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും


ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും
----------------------------------------
ഈയടുത്ത കാലത്ത് ആളുകളിൽ ഏറ്റവും കൗതുകം ഉയർത്തിയ ഒരു ചിത്രമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 മലയാള സിനിമയിൽ ഒരു റോബോട്ട് പ്രധാന കഥാപാത്രമായി വരുന്നത് ആദ്യമായിട്ടായിരിക്കണം. വെറും റോബോട്ട് എന്നതിലുപരി ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആയിട്ടായിരുന്നു കുഞ്ഞപ്പന്റെ വരവ്. സൗന്ദര്യാത്മകമായി മനുഷ്യരുമായി സാമ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളാണ് ആൻഡ്രോയിഡുകൾ.
മുമ്പിറങ്ങിയ യന്തിരനും, പിന്നെ പരശ്ശതം ഹോളിവുഡ് സിനിമകളിലും മനുഷ്യനെപ്പോലെ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന റോബോട്ടുകളെയും യന്ത്രങ്ങളെയും സയന്റിഫിക് ഫിക്ഷൻ എന്ന നിലയിൽ നമ്മൾ കണ്ട് കണ്മിഴിച്ചു. അക്കാലത്ത് ഇതൊക്കെ വല്ല നടക്കുന്ന കാര്യമാണോ ഹേ എന്ന മട്ടിൽ ജനം കണ്ട് രസിച്ച് ചിരിച്ച് തള്ളിയെങ്കിലും ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിറങ്ങിയ 2019 ൽ ഇതൊക്കെ കേവലം ഒരു ശാസ്ത്രഭാവന എന്ന രീതിയിൽ ചിന്തിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരുകയും അഥവാ ഇതൊക്കെ സംഭവിക്കാവുന്നതാണ് എന്നൊക്കെ ആളുകൾക്ക് തോന്നിത്തുടങ്ങുകയും ചെയ്തു
ഇതൊക്കെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ യന്ത്രങ്ങളെ പഠിപ്പിച്ചെടുത്താൽ ഇതൊക്കെയും നടക്കാവുന്നതേയുള്ളു എന്നാണ് നമ്മുടെ ലൊട്ടുലൊടുക്കുകളും ഗുൽഗുലുമാലുകളും പറയുന്നത്.
"അതാണിപ്പോ വല്യ കാര്യം! കമ്പ്യൂട്ടർ എന്നൊക്കെ പറയുന്നത് തന്നെ നമ്മളെഴുതിയ പ്രോഗ്രാമുകൾ സ്പീഡിൽ റൺ ചെയ്ത് നമ്മളെത്തന്നെ ഞെട്ടിക്കുന്ന ഊടായിപ്പല്ലേ?" എന്നൊക്കെ പലരും ചോദിക്കും.
എന്നാൽ ഈ പണി അതുക്കും മേലെയാണ്. സംഭവം കുഞ്ഞു കളിയല്ല എന്ന് ചുരുക്കം
മനുഷ്യനെപ്പോലെ സ്വയം വിവരങ്ങൾ ശേഖരിക്കുകയും ആ വിവരങ്ങൾക്കനുസരിച്ച് വിവേകത്തോടെ തീരുമാനിക്കുകയും അത് നടപ്പിൽ വരുത്തുകയും ഒക്കെ ചെയ്യുന്ന രീതിയിൽ ഒരു യന്ത്രത്തിനെ പ്രോഗ്രാം ചെയ്യണമെങ്കിൽ കുറെ പണിയെടുക്കേണ്ടി വരും.
മനുഷ്യന് എങ്ങനെ പണിയെടുക്കാതെ മറ്റുള്ള വല്ല യന്ത്രത്തെയും കൊണ്ട് പണിയെടുപ്പിച്ച് ജീവിച്ച് കൂടാ എന്ന മനുഷ്യന്റെ ഊടായിപ്പ് ചിന്തയുടെ പരിണത ഫലമാണല്ലോ നാം ഇന്ന് കാണുന്ന കണ്ടുപിടുത്തങ്ങളൊക്കെയും..
ശാസ്ത്ര ലോകത്തെ ലൊട്ടുലൊടുക്കുകൾ ഇന്നും ഇന്നലെയും തുടങ്ങിയ കളിയല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയുമ്പോൾ നമ്മൾ ഞെട്ടും.
1950 കളിൽത്തന്നെ വിവേകമുള്ള' യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു
പത്തെഴുപത് കൊല്ലം അണ്ണന്മാര് കുത്തിയിരുന്ന് പണിയെടുത്തിട്ട് എന്താക്കി എന്ന് ചോദിക്കരുത്.
ആപ്പിള് ഐഫോണിന്റെ വോയ്സ് അസിസ്റ്റന്റായ സിരിയെ ഒന്ന് നോക്കുക. നമുക്കാരെയെങ്കിലും വിളിക്കാനുണ്ടെങ്കിൽ ഫോണിനോട് പറഞ്ഞാൽ മതി,സ്വയം നമ്പർ തെരഞ്ഞ് കണ്ടുപിടിച്ച് വിളിയ്ക്കും .ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കും .മറുപടി അയയ്ക്കണമെങ്കിൽ സന്ദേശം പറഞ്ഞു കൊടുത്താൽ സ്വയം ടൈപ് ചെയ്ത് അയയ്ക്കും.ഇന്റർനെറ്റിൽ എന്തെങ്കിലും സെർച് ചെയ്യണമെങ്കിൽ വിഷയം പറഞ്ഞാൽ മതി ,തിരഞ്ഞു ഫലം നൽകും. ഒരു പേഴ്‌സണൽ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യിൽ കിടന്ന് കാര്യങ്ങൾ നിർവ്വഹിച്ചു തരുന്നത്.
ചുരുക്കി പറഞ്ഞാൽ തലയും കയ്യും കാലും ഇല്ലെന്നേയുള്ളു മറ്റൊരു കുഞ്ഞപ്പനാണ് സിരി എന്ന തങ്കപ്പൻ.
ആമസോണിന്റെ അലക്സയാണെങ്കിലോ നിങ്ങൾ പറയുന്ന നിർദ്ദേശത്തിലുള്ള വികാരം/ മൂഡൊക്കെ മനസ്സിലാക്കിക്കളയും. പാട്ടു വെച്ച് തരാൻ പറയുന്നതിലെ ശബ്ദത്തിൽ നിന്ന് സന്തോഷമാണോ സങ്കടമാണോ എന്നു മനസ്സിലാക്കി അതനുസരിച്ച് സന്തോഷമുള്ള പാട്ടോ അല്ലെങ്കിൽ ശോകഗാനമോ ഒക്കെ വെച്ച് തരും.
ഗൂഗിള് വെര്ച്വല് അസിസ്റ്റന്റായ ഗൂഗിൾ അസിസ്റ്റന്റിന് ലോകത്തിലെ ഏത് വിവരങ്ങളും വളരെ വേഗത്തിൽ ആക്സസ് ചെയ്യാൻ കഴിയും. എന്തിന് മലയാളത്തിൽ വരെ സംസാരിക്കാനും ഇപ്പോൾ ഗൂഗിൾ അസിസ്റ്റന്റിന് സാധിക്കും.
ആപ്പിള്, ഗൂഗിള്, ആമസോണ്, മൈക്രോസോഫ്റ്റ്, ഐബിഎം, ഫേസ്ബുക്ക് തുടങ്ങിയ വന്കിട ടെക്കമ്പനികള് തുടങ്ങി സ്റ്റാര്ട്ടപ്പുകള് വരെ വലിയ പരീക്ഷണങ്ങളാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മേഖലയില് നടത്തുന്നത്. ഉദാഹരണമായി, മുമ്പൊക്കെ ഫേസ് ബുക്കില് ഒരു ഫോട്ടോ ടാഗ് ചെയ്യണമെങ്കില് ഉപയോക്താവ് തന്നെ ആളുകളുടെ ഇമേജ് തിരഞ്ഞെടുത്തു ടാഗ് ചെയ്യണമായിരുന്നു. എന്നാലിപ്പോള് ഫോട്ടോയിലുള്ള മുഖങ്ങള് ഫേസ് റെക്കഗനിഷനിലൂടെ ആട്ടോമാറ്റിക് ടാഗ് ചെയ്യുന്ന സംവിധാനമുണ്ട്. നിര്മ്മിതബുദ്ധി ഉപയോഗിച്ചാണിതു ചെയ്യുന്നത്. ഡ്രൈവര് ആവശ്യമില്ലാത്ത കാറുകള് വികസിപ്പിച്ചെടുത്തതും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സഹായത്തോടെയാണ്. രോഗപ്രതിരോധം, രോഗനിര്ണ്ണയം, സര്ജന് വിദൂരത്തിരുന്നുകൊണ്ടു യന്ത്രങ്ങളുപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നിവയിലൊക്കെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇഷ്ടഭക്ഷണം മുതല് ജീവിതപങ്കാളിയെവരെ തിരഞ്ഞെടുക്കാന് ഉതകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സിസ്റ്റങ്ങള് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്
ചുരുക്കം പറഞ്ഞാൽ 21 ആം നൂറ്റാണ്ടിലെ ജഗപൊകയാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്. അത് ഉണ്ടാക്കാൻ പോകുന്ന പൊകയെക്കുറിച്ച് പലർക്കും ആശങ്കയുണ്ട് താനും. പലരുടെയും തൊഴിൽ പോകും എന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് തൊഴിൽ കൂടും എന്നും ചർച്ചിതർ ചർച്ചിച്ച് മരിക്കുന്നുണ്ട്.
ഫേസ്‌ബുക്ക്, യഥാർത്ഥ മനുഷ്യനുമായി മനുഷ്യനുമായി റിയൽ ടൈമിൽ സംഭാഷണം നടത്തുവാനുദ്ദേശിച്ച് ഉണ്ടാക്കിയ ചാറ്റ് ബോട്ട് എന്ന ആശയത്തിൽ വേണ്ട ആർട്ടിഫിഷ്യൻ ഇന്റലിജൻസ് കുത്തിക്കയറ്റിയപ്പോൾ പണി ഒന്ന് പാളിയിരുന്നു..
സംഭവം ഇങ്ങനെയാണ്..
ഒരു മനുഷ്യനും യന്ത്രവും തമ്മിലുള്ള ആശയസംവേദനം എന്ന ആശയത്തിനുണ്ടാക്കിയ ബോബ്, ആലീസ് എന്ന രണ്ട് ചാറ്റ് ബോട്ട് പ്രോഗ്രാമുകളെ ഒരു പരീക്ഷണത്തിനായി ഫേസ്‌ബുക്കിലെ ചില പുലികൾ പരസ്പരം സംസാരിപ്പിച്ച് നോക്കി. ആദ്യമാദ്യം എല്ലാവരും പ്രതീക്ഷിച്ച് പോലെ മുമ്പ് എന്കോഡ് ചെയ്ത കൊടുത്ത പ്രതികരണങ്ങൾ ചോദ്യങ്ങൾക്ക് മറുപടിയായി വന്നു കൊണ്ടിരുന്നു അൽപ നേരം കഴിഞ്ഞപ്പോൾ ബോബ് അർത്ഥവത്തല്ലാത്ത മനുഷ്യന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വിചിത്രമായ ഭാഷയിൽ സങ്കീർണ്ണ വാക്യങ്ങൾ (വെളിവ് കേടുകൾ) ഉപയോഗിക്കുകയും എന്നാൽ ആലീസ് അതിനെ (ആ വെളിവ് കേടുകളെ) അർത്ഥവത്തായി മനസ്സിലാക്കി മറ്റൊരു സങ്കീർണ്ണ വാക്യത്തിൽ വിചിത്രമായ ഭാഷയിൽ പ്രതികരിക്കുകയും അവരുടെ സംഭാഷണം അങ്ങനെ തുടരുകയും ചെയ്തു. പ്രോഗ്രാമർക്കോ പഠിപ്പിക്കാൻ എഴുതിയ ലോജിക്കിനോ മനസ്സിലാകാത്ത വിധം സ്വയം വിചിത്രമായ ഭാഷയിൽ കമ്മ്യുണിക്കേറ് ചെയ്തതിലെ അപകടം ഭയന്ന് ഫേസ്‌ബുക്ക് ഈ പരീക്ഷണത്തെ അവസാനിപ്പിക്കുകയായിരുന്നു.
തങ്ങൾക്ക് കൺട്രോൾ ഇല്ലാതെ ബോബും ആലീസും വെളിവുകേടുകൾ വിചിത്രമായ ഭാഷയിൽ സംസാരിക്കുക എന്നാൽ തങ്ങൾക്ക് കൺട്രോൾ ഇല്ലാത്ത ഫ്രാൻകൈന്സ്റ്റീനുകളെ സൃഷ്ടിക്കുന്നതിന് തുല്യമാണ് എന്ന് ഫേസ്‌ബുക്കിന് പേടി തോന്നിയിരിക്കണം.
ഇനി ഈപ്പറഞ്ഞ പണിയൊക്കെ യന്ത്രത്തിനെക്കൊണ്ട് ചെയ്യിക്കാനുള്ള പെടാപ്പാട് കൂടി അറിഞ്ഞാലേ സംഭവത്തിന്റെ ഒരു ഗുമ്മ് മനസ്സിലാകുകയുള്ളു.
'മെഷീൻ ലേണിംഗ്' എന്ന വസ്തുതകളിലൂന്നിയുള്ള നിർമ്മാണ-പഠന പ്രക്രിയയിലൂടെയാണ് നമ്മൾ യന്ത്രത്തെ നിർമിത ബുദ്ധി അഥവാ ആർജ്ജിത ബുദ്ധി ഉള്ളവനാക്കാൻ പ്രാപ്തനാക്കുന്നത്. അമേരിക്കക്കാരനായ കമ്പ്യൂട്ടർ ഗെയിം നിർമാതാവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധനുമായ ആർതർ സാമുവൽ ആണ് ഈ 1959ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്
കമ്പ്യൂട്ടറുകളെ, നേരിട്ടുള്ള നിർദ്ദേശങ്ങൾ വഴിയല്ലാതെ, ഉദാഹരണങ്ങൾ മാത്രം ഉപയോഗിച്ച് പരിശീലിപ്പിക്കുകയും അത് വഴി തീരുമാനങ്ങളിലെത്താൻ പ്രാപ്തനാക്കുകയും ചെയ്യുന്നതിനെയാണ് 'മെഷീൻ ലേണിംഗ്' എന്ന പദം ഉപയോഗിക്കുന്നത്
പിള്ളേരെ പഠിപ്പിക്കുന്നതിലും കഷ്ടമാണ് അക്ഷരാഭ്യാസം പോലുമില്ലാത്ത വൃത്തികെട്ട യന്ത്രത്തിനെ പഠിപ്പിച്ചെടുക്കുന്നത്.
നമ്മൾ കുഞ്ഞുങ്ങളെ വാക്കുകൾ പഠിപ്പിച്ചെടുത്തത് പോലെ കമ്പ്യൂട്ടറിനെയും ക്ഷമയോടെ പഠിപ്പിച്ചെടുക്കണം.
ഉദാഹരണത്തിന് പൂച്ചയേയും പട്ടിയെയും തമ്മിൽ തിരിച്ചറിയാൻ നമുക്ക് കംപ്യുട്ടറിനെ പഠിക്കണമെങ്കിൽ ആദ്യമാദ്യം ഒരു പൂച്ചയെ കാണിച്ച് ഇവനാണ് "പൂച്ച" എന്ന് പറഞ്ഞു പഠിപ്പിക്കുകയും പല തരത്തിലുള്ള പൂച്ചകളുടെ ചിത്രങ്ങൾ കാണിച്ച് ഇവനൊക്കെ പൂച്ചയാണെന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയ്യണം.
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു പട്ടിയെ കാണിച്ചിട്ട് കംപ്യൂട്ടറിനോട് "ആരെടാ ഇവൻ?" എന്ന ചോദിച്ചാൽ കൊച്ച് കുഞ്ഞിനെപ്പോലെ അവൻ അതും "പൂച്ച" എന്ന് പറഞ്ഞേക്കാം . ഓരോ തവണ പൂച്ചയെ ചൂണ്ടി "പട്ടി" എന്ന് പറയുമ്പോഴും അമ്മ കുഞ്ഞിന് അത് തിരുത്തിക്കൊടുക്കുന്നത് പോലെ ലേണിംഗ് പ്രോസസിൽ നമ്മളും കമ്പ്യൂട്ടറിനെ പറഞ്ഞു തിരുത്തണം. അങ്ങനെ ഒരുപാട് പൂച്ചകളെയും പട്ടികളെയും കണ്ടു വളർന്ന കുട്ടിയെപ്പോലെ കമ്പ്യൂട്ടറും പതുക്കെ അവയെ തിരിച്ചറിയാൻ പഠിക്കും
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ മകൻ കൊണ്ട് വരുന്ന ആൻഡ്രോയിഡിനെ ആദ്യം വീട്ടിലെ ആളുകളുടെ ചിത്രം, അവരുടെ ശബ്ദം, മുറികളുടെ ചിത്രം, മുറികളിലെ വിവിധ ഉപകരണങ്ങൾ ഒക്കെ പരിചയപ്പെടുത്തി ട്രെയിൻ ചെയ്യുന്നത് ഓർക്കുക.
മൂന്ന് തരത്തിൽ നമുക്ക് കംപ്യൂട്ടറിനെ തല്ലി പഠിപ്പിച്ചെടുക്കാം എന്ന് മെഷീൻ ലേണിംഗ് ആശാന്മാർ പറയുന്നു
1. മേൽനോട്ടത്തോടെയുള്ള പഠനം (Supervised learning) : പൂച്ചയേത് പട്ടിയേത് എന്ന് തിരിച്ചറിയാൻ കെല്പുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മേൽനോട്ടത്തിൽ നമുക്ക് കംപ്യൂട്ടറിനെ പഠിപ്പിച്ചെടുക്കാം. ഒരമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നതുപോലെ.
2. മേൽനോട്ടമില്ലാതെയുള്ള പഠനം ( Un-Supervised learning): പഠിക്കാൻ കംപ്യൂട്ടറിന് മേൽനോട്ടം വേണമെന്നില്ല. 1000 ജീവികളുടെ ഫോട്ടോ എടുത്ത് കൊടുത്തിട്ട് ഇരുന്ന് പഠിക്കെടാ എന്ന് കംപ്യൂട്ടറിനോട് പറഞ്ഞാൽ അവയുടെ വ്യത്യസ്ത പ്രത്യേകതകൾ മനസ്സിലാക്കി അവയെ കാറ്റഗറി ആക്കി അവ വിവിധ തരത്തിൽ ഉള്ളവയാണെന്ന് ലവൻ മനസ്സിലാക്കി എടുക്കും. നേരിട്ട് അവന്റെ പേര് പറയാൻ അറിയില്ലെങ്കിലും അവൻ ഏത് ടൈപ്പാണെന്ന് കംപ്യുട്ടർ പറയും.
3. അനുഭവ പഠനം (Reinforced Learning) : പഠിക്കേണ്ടത് ഒരു സ്‌കിൽ ആണെങ്കിൽ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ, ശിക്ഷയും പ്രതിഫലവും തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പഠിക്കുന്ന ഒരു വിദ്യയാണ് അനുഭവ പഠനം . അനുഭവം ഗുരു എന്ന് പറയാം കൊണ്ടും കൊടുത്തും പഠിക്കുക . തീ കൊണ്ടാൽ പൊള്ളും എന്ന് ഒരിക്കൽ സ്വയം തിരിച്ചറിഞ്ഞാൽ പിന്നീട് തീയെ സൂക്ഷിക്കുന്നത് പോലെയുള്ള ഉറച്ച പഠനം.
മെഷീൻ ലേണിംഗ് ചെയ്യണമെങ്കിൽ പ്രധാനമായും വിവരം ഉണ്ടായിരിക്കണം എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ് കളരി ആശാന്മാർ പറയുന്നു..
വിവരമില്ലെങ്കിൽ ഇതൊന്നുമുണ്ടാക്കാൻ കഴിയില്ല എന്നായിരിക്കും എല്ലാവരും ഓർക്കുക. എന്തന്നാൽ ആ വിവരമല്ല ഇത് "ഡേറ്റ". പഠനത്തിനുള്ള വലിയ ഡേറ്റ ഉണ്ടാകുമ്പോഴാണ് ലേണിങ് കൂടുതൽ കൃത്യത ഉളളതാവുന്നത്. വിവരം (ഡാറ്റാ) ലഭ്യമല്ലെങ്കിൽ യന്ത്രപഠനം സാധ്യമല്ല. ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിൽ നമ്മൾ 1950 മാന്തിത്തുടങ്ങിയെങ്കിലും കഴിഞ്ഞ 10-15 വര്ഷം കൊണ്ട് നാം ഈ മേഖലയിൽ ഇത്രയും എടുത്ത് ചാട്ടം നടത്തിയത് ഇന്റർനെറ്റിലും മറ്റും ലഭ്യമായ, ദിവസേന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഡേറ്റയുടെ പിന്ബലത്തിലും അവയുടെ ലഭ്യതയും കൊണ്ടാണ്.
വിവരമുണ്ടായിട്ട് കാര്യമില്ല ബോധം വേണം എന്ന് പറഞ്ഞത് പോലെയാണ്. ധാരാളം വിവരങ്ങൾ (ഡാറ്റ) ലഭ്യമായാൽ ആ ഡേറ്റ കൊണ്ട് നമ്മൾ എന്ത് പിണ്ണാക്കാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടതുണ്ട്.അതാണ് മെഷീൻ ലേണിംഗ് ടാസ്ക്.
എന്താണ് കയ്യിലുള്ളത് അത് കൊണ്ട് എന്താണ് പ്രവചിക്കേണ്ടത് എന്ന് നാമുണ്ടാക്കുന്ന മുൻധാരണ മാതൃക(സങ്കീർണ്ണമായ ഗണിത സമവാക്യം) ആണ് മെഷീൻ ലേണിംഗ് മാതൃക/മോഡലുകൾ.
ചുരുക്കിപ്പറഞ്ഞാൽ സംഭവം ഇപ്പോൾ സയൻസ് ഫിക്ഷനോ ശാസ്ത്ര ഭാവനയോ പിള്ളേര് കളിയോ അല്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഉത്തരമാകും ലഭിക്കുക. അത്രയേറെ ശക്തമായ ചലനങ്ങളാവും സമീപഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുക. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ആഗോള വിപണിയിൽ 36 ശതമാനം നിരക്കിൽ വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപണി മൂല്യം 2025-ൽ മൂന്നു ലക്ഷം കോടി ഡോളറിലെത്തും എന്നാണു വിലയിരുത്തുന്നത്.
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹാൻസൺ റോബോട്ടിക്‌സാണ് സോഫിയയുടെ നിർമാതാക്കൾ. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ . സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്.
ആൺഡ്രോയിഡ് കുഞ്ഞപ്പൻമാരും കുഞ്ഞമ്മമാരും ആ രൂപത്തിലല്ലെങ്കിൽക്കൂടി ഇനി നമ്മുടെ വീട്ടിലും പല രൂപത്തിലും ഭാവത്തിലും എത്തും. മൊബൈൽ ഫോൺ വന്ന് നമ്മെ കീഴടക്കിയത് പോലെ നാം അറിയാതെ നമ്മൾ അവരെ സ്വീകരിച്ചിരുത്തുകയും അവരില്ലാത്ത ജീവിതം പിന്നെ അസാധ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.
Note: ജോലിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സാങ്കേതിക വിദ്യയുടെ അണ്ഡകടാഹത്തിൽ കൂടി കടന്ന് പോവുന്ന വിനീതനായ ഒരുവന്റെ വായനാ വിഭ്രാന്തി കൊണ്ടുണ്ടായതാണ് ഈ കുറിപ്പ്. മാപ്പ് തരിക! : )


 

Comments

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌