ഇറാനിയൻ ചിത്രങ്ങൾ


ഹലാൽ ലൗ സ്റ്റോറിയിൽ ഹലാൽ-സിനിമ പിടിക്കാനിറങ്ങിയ സംവിധായകന്റെ ലക്‌ഷ്യം ലോകപ്രശസ്തമായ 'ചിൽഡ്രൻ ഓഫ് ഹെവൻ' പോലെയുള്ള ഇറാനിയൻ ചലച്ചിത്രങ്ങളെ മാതൃകയാക്കി ഒരു സിനിമ പിടിക്കുക എന്നതായിരുന്നു എന്നത് തികച്ചും കൗതുകം ഉണർത്തി..
അപൂർവ്വമായി ചിൽഡ്രൻ ഓഫ് ഹെവൻ പോലെയുള്ള ഇറാനിയൻ ചിത്രങ്ങൾ മുമ്പ് കണ്ടിട്ടുള്ള ഞാൻ ഈ കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യമാസങ്ങളിലാണ് ആദ്യമായി ഇറാനിയൻ ചലച്ചിത്ര ലോകത്തേയ്ക്ക് ഒന്ന് ഊളിയിട്ടു നോക്കുന്നത്. ഒരു ചെറു നീരുറവയെന്നോണം സരളമായി ഒഴുകിത്തുടങ്ങുന്ന സാർവ്വലൗകികവും യൂണിവേഴ്സലുമായ ചെറു ചെറു പ്ലോട്ടുകളിലൂടെ ഇറാനിയൻ ചലച്ചിത്രങ്ങൾ സംവദിക്കുന്ന സാർവ്വജനീനമായ ആശയങ്ങൾ ... ലോകത്തിലെ ഏതൊരു വികസ്വര രാജ്യത്തെയും ജനതയോട് താദാത്മ്യം പ്രാപിക്കാവുന്ന തരത്തിലുള്ള കഥാ പാത്രങ്ങൾ ...
ഇറാനിയൻ ഭൂപ്രകൃതിയുടെ മുഴുവൻ വശ്യസൗന്ദര്യവും പെയിന്റിംഗുകൾ പോലെ ക്യാമറയിലേക്ക് ഒപ്പിയെടുക്കുന്ന ദൃശ്യവിരുന്നുകൾ
ലളിതമായ ഉപമകളിലൂടെയും രൂപകങ്ങളിലൂടെയും സിനിമ എന്ന ദൃശ്യ കലയെ അതിന്റെ ഉത്തുംഗതയിൽ എത്തിക്കാൻ അവരെടുക്കുന്ന കലാപരമായ ശ്രമങ്ങളും പരീക്ഷണങ്ങളും
ഇവയൊക്കെയും എന്നെ ഞെട്ടിക്കുകയും എന്നെ ഇറാനിയൻ ചലച്ചിത്രങ്ങളുടെ കടുത്ത ആസ്വാദകനാക്കുകയും ചെയ്തു എന്ന് വേണം പറയാൻ...
ശ്രീ ദാമോദര് പ്രസാദ് നിരീക്ഷിച്ചത് പോലെ " ഒട്ടും സങ്കീർണമാകാത്ത വിധമുള്ള കഥ പറച്ചിൽ, ഏറെക്കുറെ കഥയിലെ ഭൂപ്രദേശങ്ങളിലെ ശുദ്ധാത്മാക്കളായ മനുഷ്യരുടെ ജീവിത സന്ദർഭത്തിൽ നിന്നു കണ്ടെത്തിയ അഭിനേതാക്കൾ, പരിമിതമായ ലൊക്കേഷനുകൾ, സാധാരണത്വം തുളുമ്പി നിൽക്കുന്ന കഥാപാത്രങ്ങൾ, ശുദ്ധ നർമത്തിന്റെ മേമ്പൊടിയുള്ള നാട്ടിൻപുറത്തെ നന്മകൾ, കൊച്ചു കൊച്ചു പിണക്കങ്ങൾ, ആദിമ പാപത്തോളം നിഷ്കളങ്കമായ കൊച്ചു തെറ്റുകൾ, കൈപ്പിഴകൾ, പറഞ്ഞു തീർക്കാവുന്ന ശത്രുതകൾ, കലി പുരളാത്ത പ്രതികാരവാജ്ഞകൾ. ഇത്രയുമായാൽ ഇറാനിയൻ റിയലിസം സ്വയം ആവിഷ്കൃതമായി".
ഇറാനിയൻ ചലച്ചിത്രങ്ങളിലൂടെയുള്ള എന്റെ ലോക്ക് ഡൗൺ യാത്ര എന്നെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാക്കാനും, മറ്റു മനുഷ്യരോട് കൂടുതൽ ആർദ്രതയും സംവേദനത്വവും കരുണയും ഉള്ളവനാകാനും നിസ്സഹായ മനുഷ്യാവസ്ഥകളിൽ അവരോട് കൂടുതൽ താദാത്മ്യം പ്രാപിക്കാനും അവരെ കൂടുതൽ തിരിച്ചറിയുന്നവരിൽ ഒരാളാകാനും എന്നെ പ്രേരിപ്പിച്ചു എന്ന് തന്നെ പറയാം ...
ഒറ്റയിരുപ്പിൽ ഇരുന്ന് കണ്ട് അനുഭവിച്ച ഇറാനിയൻ ചിത്രങ്ങളിൽ ഞാൻ കുടുംബത്തെയും കൂട്ടി. അവരും എന്നോടൊപ്പം ഇരുന്നു ശുദ്ധ നർമങ്ങളിൽ ഇരുന്ന് ചിരിക്കുകയും, വേദനകളിൽ കണ്ണുകൾ നിറയ്ക്കുകയും ഒടുവിൽ കഥാപാത്രങ്ങളോടൊപ്പം അവരായി ഇറങ്ങി നടക്കുകയും ചെയ്തു.. പല കഥാപാത്രങ്ങളും ഞങ്ങളെ ദിവസങ്ങളോളം വേട്ടയാടി .. അവരെക്കുറിച്ച് ഞങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്തു..
ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉള്ള ചുരുക്കം ചില ചിത്രങ്ങൾ ഇതാ ഇവിടെ ചേർക്കുന്നു
1. നാദിർ ആൻഡ് സമിൻ, എ സെപ്പറേഷൻ : Director and Writer: Asghar Farhadi
------------------------------------------
(പ്രമുഖ ഇറാനി തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് അസ്ഗർ ഫർഹാദിയുടേതാണ് ഈ സിനിമ മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി പുരസ്കാരം 2012 ൽ ഈ ചിത്രത്തിന് ലഭിച്ചു.
Won 1 Oscar. Another 82 wins & 45 nominations.
ടെഹ്‌റാനിൽ ജീവിക്കുന്ന നാദിറും സമിനും പതിന്നാലു വർഷങ്ങളായി വിവാഹിതരായിട്ട്. അവർക്ക് തെർമ എന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയുമുണ്ട്. അൾഷിമേഴ്‌സ് ബാധിച്ച നാദിറിന്റെ പിതാവും അവർക്കൊപ്പമാണ് താമസം. സിമിന് തന്റെ ഭർത്താവ് നാദെറും മകൾ തെർമെയുമായി ഇറാൻ വിടാൻ ആഗ്രഹമുണ്ട്. എന്നാൽ അൽഷിമേഴ്സ് രോഗബാധിതനായ സ്വന്തം പിതാവിനെ ഉപേക്ഷിക്കാൻ നാദെർ തയ്യാറാകുന്നില്ല. സിമിൻ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കോടതി അനുവദിക്കുന്നില്ല. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു. ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നുണ്ട്. പകൽ നേരങ്ങളിൽ പിതാവിനെ നോക്കാൻ റസിയ എന്ന സ്ത്രീയെ നാദിർ വാടകയ്‌ക്കെടുക്കുന്നു. അവർ ഗർഭിണിയും അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ മാതാവുമാണ്. ഒരിക്കൽ റസിയ വീട്ടിലാരുമില്ലാത്തപ്പോൾ നാദിറിന്റെ പിതാവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം പുറത്തു പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ
സത്യത്തിന്റെയും ന്യായത്തിന്റെയും നിയമ വ്യവഹാരത്തിന്റെയും അതിനും മുമ്പിൽ നിൽക്കുന്ന മനുഷ്യ മനസാക്ഷിയുടെ നീതിബോധത്തിന്റെയും സങ്കീർണ്ണമായ ഒരു സംവാദമുയർത്തുന്ന അനവധി തലങ്ങളുള്ള മനോഹര അനുഭവമാണ് ഈ ചിത്രം
2. ബറാൻ (മഴ): Director: Majid Majidi
----------------------------
ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു ചിത്രമാണ് ബറാൻ
അഫ്ഗാൻ യുദ്ധകാലത്ത് ഇറാനിലെത്തിയ അഭയാർത്ഥികളുടെ ദുരിതങ്ങളും കെട്ടിട നിർമ്മാണതൊഴിലാളിയായ ലത്തീഫിന്റെ ,അഫ്ഗാൻ അഭയാർത്ഥിയായ ബറാനോടുള്ള നിശ്ശബ്ദപ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
3. ബെലൂഗ : Director: Mahdi Jafari
-----------------------------
മത്സ്യത്തൊഴിലാളിയായ പിതാവ് അനധികൃത മത്സ്യബന്ധനത്തിന് തടവിലാക്കപ്പെടുന്നതും അദ്ദേഹത്തെ ജാമ്യത്തിലെടുക്കാൻ കൗമാരക്കാരനായ മകൻ നടത്തുന്ന ശ്രമവുമാണ് ഈ കഥ.
4. റെന്നാസ് സൈലൻസ് : Director: Behzad Rafiei
----------------------------
തന്റെ വളർത്ത് പക്ഷിയെ നഷ്ടപ്പെട്ട ഒരു നിഷ്കളങ്കയായ ഒരു കൊച്ചു പെൺകുട്ടിയുടെയും അവളെ സന്തോഷിപ്പിക്കാൻ അവളുടെ ജ്യേഷ്ഠൻ നടത്തുന്ന ശ്രമങ്ങളും ചേർന്ന മനോഹരമായ ഒരു ദൃശ്യകാവ്യം. ദേശാടനക്കിളികളുടെ സംരക്ഷണവും പരിസ്ഥിതിയും ഒക്കെ പറയാതെ പറയുന്ന ഒരു ലളിതാവിഷ്കാരം.
5. വിങ്സ് ഓഫ് ഇമാജിനേഷൻ : Director: Ahmad Feyzi
--------------------------
അമ്മയോടും സഹോദരിയോടും ഒപ്പം താമസിക്കുന്ന കൗമാരക്കാരനായ ആൺകുട്ടിയാണ് റെസ, വളരെ ചെറുപ്പത്തിൽ തന്നെ പഠനത്തോടൊപ്പം കുടുംബത്തെ പോറ്റാൻ വേണ്ടി ജോലി ചെയ്യേണ്ടി വരുന്ന റെസ
പെയിന്റിംഗ് വർക്ക് ഷോപ്പിൽ നിന്ന് നിറമുള്ള സിൽക്കുകൾ തന്റെ സൈക്കിളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി പരവതാനി ഡിസൈൻ ചെയ്യുന്ന ആളുകളുടെ വീട്ടിലേക്ക് കൊണ്ടുപോകുക എന്നതാണ് റെസയുടെ ജോലി. പെയിന്റിംഗ് വർക്ക്‌ഷോപ്പ് അടച്ചുപൂട്ടിയാൽ , ഇത് റെസയെയും മറ്റ് പരവതാനി ഡിസൈനര്മാരെയും തൊഴിലില്ലാത്തവരാക്കും എന്നതിനാൽ ആത്മാർഥത കൊണ്ട് താൻ ജോലി ചെയ്യുന്ന കമ്പനിയെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു..
6. ദ സൈലൻസ് : Mohsen Makhmalbaf
----------------------------------
താജിക്കിസ്ഥാനിലെവിടെയോ ഒരു നദിക്കടുത്തുള്ള വീട്ടിലാണ് അന്ധനായ ഖോർഷിദ് അമ്മയോടൊപ്പം താമസിക്കുന്നത്. വീട്ടുടമ എല്ലാ ദിവസവും രാവിലെ വാടക ചോദിക്കാൻ വരുന്നു. ഖോർഷിദിന് പണം നൽകണം, അല്ലെങ്കിൽ അവർ വീട് വിട്ട് പോകേണ്ടിവരും. ഖോർഷിദ് അന്ധനാണെങ്കിലും, സംഗീതോപകരണങ്ങൾ ട്യൂൺ ചെയ്യുന്നതിൽ അതിശയകരമായ ഒരു കഴിവ് അവനുണ്ടായിരുന്നു., അത് കൊണ്ട് അവൻ ഒരു ഇൻസ്ട്രുമെന്റ് മേക്കിംഗ് വർക്ക് ഷോപ്പിൽ ജോലി നേടുന്നു. സംഗീതത്തോടുള്ള തന്റെ ഇഷ്ടവും ഒരു ബ്രെഡ് വിന്നർ എന്ന നിലയിലുള്ള ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ ഖോർഷിദ് പാടുപെടുന്നു.
7. ജേർണി : Director: Ahmad Feyzi
----------------------------
മെച്ചപ്പെട്ട ജീവിതം തേടി വ്യത്യസ്തരായ ഒരു കൂട്ടം ആളുകൾ നല്ലൊരു നാട് തേടി പലായനം ചെയ്യുന്നതിന്റെ കഥയാണ് ജേർണി പിന്തുടരുന്നത്. ഇറാഖ്, ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര തിരിച്ച അവർ ഓസ്ട്രേലിയയിൽ എത്തിച്ചേരാനുള്ള ആഗ്രഹത്തോടെ കരയിലൂടെയും വിമാനത്തിലൂടെയും കടലിലൂടെയും ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്യുന്നു. യാത്രയിലുണ്ടാകുന്ന പ്രതിസന്ധികളും അതിജീവനവുമാണ് കഥാതന്തു
8. 21 ഡേയ്‌സ് ലേറ്റർ : Director: Mohamad Reza Kheradmandan
----------------------------
വ്യത്യസ്തവും ശക്തവുമായ കഥപറച്ചിലാണ് സംവിധായകൻ മുഹമ്മദ് റെസായുടെ സവിശേഷത, 21 ഡെയ്സ് ലേറ്റർ
പിതാവിന്റെ പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹം നിറവേറ്റാൻ ആഗ്രഹിക്കുന്ന, സിനിമയോടുള്ള അഭിനിവേശമുള്ള കൗമാരക്കാരനായ മുർതസ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണ്. ജീവിതം എല്ലായ്‌പ്പോഴും എന്നപോലെ കാര്യങ്ങൾ വളരെ സങ്കീർണ്ണമാക്കുന്നു. എങ്കിലും വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ ശ്രമിക്കുന്ന മുർതസ.
9. എ കോൾഡ് ഡേ : Director: Mohammad Ali Talebi
----------------------------
ഇറാന്റെ വടക്ക് ഭാഗത്തുള്ള ഒരു സ്കൂളിന്റെ ദൈന്യാവസ്ഥയും അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും നിസ്സഹായാവസ്ഥയും അതിനിടയിൽ സ്‌കൂളിലുണ്ടാകുന്ന ഒരു തീപിടിത്തവും അടങ്ങുന്ന വളരെ ഹൃദയസ്പർശിയായ ഒരു ദൃശ്യാവിഷ്കാരമാണ് കോൾഡ് ഡേ
10. സ്റ്റോറി ഓഫ് മൈ ഫാദേഴ്‌സ് ബൈക്ക് ആൻഡ് മി : Writer,Director & Editor: Fayaz Mousavi
-------------------------------------------
13 വയസുള്ള കൗമാരക്കാരനായ ഹാമിദിന് പിതാവിന്റെ മരണശേഷം ജോലി ചെയ്യാനും അമ്മയെ ജോലി ചെയ്യാനും സഹായിക്കേണ്ടതുണ്ട്. തന്റെ പിതാവിൽ നിന്ന് പാരമ്പര്യ സ്വത്തായി ലഭിച്ച ഒരു പഴയ സൈക്കിൾ എന്നും ഒട്ടിച്ച് വേണം അവൻ തൻറെ അമ്മ തയ്ക്കുന്ന വസ്ത്രങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ച് കൊടുക്കാൻ . എല്ലാ ദിവസവും അവനു വളരെ ദൂരം ഓടിക്കണം. അതേസമയം, സ്കൂൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മൽസരത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഒരു പ്രഖ്യാപനം നടത്തുന്നു. അതിൽ പങ്കെടുക്കാൻ , ഒരു നല്ല സൈക്കിൾ ലഭിക്കുന്നതിന് ഹമീദ് എല്ലാ ശ്രമങ്ങളും നടത്തുന്നുവെങ്കിലും അവനത് ലഭ്യമായില്ല ഒടുവിൽ അവൻ അവന്റെ .പഴയ തുരുമ്പിച്ച സൈക്കിളുമായി മത്സരത്തിൽ പങ്കെടുക്കുന്നു
11. ദ വിൻഡോ : Director: Rahbar Ghanbari
--------------------------
പെയിന്റിംഗ് ചെയ്യാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു ആൺകുട്ടി തന്റെ കലയെ വളർത്താൻ നടത്തുന്ന ശ്രമവും ഭിന്നശേഷിക്കാരിയായ ആയ തന്റെ സുഹൃത്ത് പെൺകുട്ടിയെ ലോകത്തിന്റെ ഭംഗി കാണിക്കാൻ തന്റെ പെയിന്റിംഗുകളിലൂടെ നടത്തുന്ന നിഷ്കളങ്കവും ആത്മാർത്ഥവുമായ ശ്രമങ്ങളുമാണ് കഥാതന്തു
12. വോയിസ് ഓഫ് സൈലൻസ് : Director: Hadi Naeeji
-----------------------------
ഭാര്യ ഫെറസ്‌തെക്കൊപ്പം താമസിക്കുന്ന ഒരു യുവ പുരോഹിതനാണ് മിർ ഹാഷെം, അടുത്തിടെ ഒരു വീട് വാങ്ങാൻ കഴിഞ്ഞു. പക്ഷേ, ഇത് അത് അയാളെ പല കടങ്ങളിലേക്കും എത്തിച്ചിരിക്കുന്നു , കടങ്ങൾ വീട്ടുന്നത് താമസിക്കുന്നതിനാൽ കടം നൽകിയ ആൾ പിന്തുടരുകയും മിർ ഹാഷെമിന് നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുന്നു.
ബാക്കി കണ്ട മറ്റു ചിത്രങ്ങളെക്കുറിച്ച് പിന്നെയൊരിക്കലെഴുതാം 📷


 

Comments

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌