സിംസണ്‍ എന്റെ കൂട്ടുകാരന്‍....

"എടുത്ത ഒടനെ അടിയായിരുന്നു... നസീറു ഉമ്മറിനെ ഇടിച്ചിടിച്ചു... ഇടിച്ചിടിച്ചു...." എന്നു പറഞ്ഞു സിനിമാക്കഥ തുടങ്ങിയ സലീമിനെ ബെഞ്ചില്‍ നിന്നു ചവിട്ടി വീഴിച്ചതും കൂടി നിന്നവരെ പുസ്തക്കെട്ടിനിടുന്ന കറുത്ത കട്ടി റബര്‍ ബാന്‍ഡ്‌ കൊണ്ട്‌ അടിച്ചോടിച്ചതും സിംസണായിരുന്നു. ക്ലാസ്സിലെ സിനിമാക്കഥ പറച്ചില്‍ സിംസന്റെ കുത്തകയായിരുന്നു.
സിംസണ്‍ അങ്ങനെയായിരുന്നു എന്തിലും ഇടപെടും...
സിംസണെന്ന കാട്ടു മാടനെ ക്ലാസ്സിന്റെ ചുമതല ഏല്‍പ്പിച്ചതു ശങ്കരന്മാഷായിരുന്നില്ല. അവന്‍ സ്വയമങ്ങു ഏറ്റെടുക്കുകയായിരുന്നു. ആളില്ലാത്തപ്പോള്‍ അനാഥമാകേണ്ട എന്നു കരുതി മാഷോന്നും മിണ്ടിയുമില്ല.

സിംസണു 'കരോട്ട' അറിയാമെന്നു പറഞ്ഞതു സാജനായിരുന്നു. പള്ളിക്കൂടത്തിനു പിന്നിലെ കലുങ്കിന്ന് പിന്നില്‍ നിന്നു തെറുപ്പു ബീഡി വലിച്ച നാരായണനെ, അവന്‍ കറങ്ങിത്തൊഴിക്കുന്നതു സാജന്‍ കണ്ടത്രെ.. മറിഞ്ഞു വീണ നാരായണനെക്കൊണ്ടു വീണ്ടും വലിപ്പിച്ചു മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ നാരായണന്റെ കണ്ണുകള്‍ പോക്കാച്ചിതവളയെപ്പോലെ മുമ്പോട്ടു തള്ളുന്നതു കണ്ടു അലറി വിളിച്ചോടിയ സാജനെ ചെങ്കല്ലിനു എറിഞ്ഞു വീഴ്ത്തി വെറെ ആരൊടെങ്കിലും ഈ സംഭവം പറഞ്ഞാല്‍ കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തിയത്രെ. ക്ലാസ്സിലെ കുട്ടികളില്‍ തെറുപ്പു വലിക്കാനുള്ള അധികാരം സിംസണു മാത്രമുള്ളതായിരുന്നു എന്നതു കൊണ്ടാണ്‌ അവന്‍ നാരായണനെ ചതച്ചത്‌. തെറുപ്പു വലിച്ചാല്‍ ചങ്കൊറപ്പു കൂടുമെന്നും പിന്നെ നാരായണന്‍ പറഞ്ഞാ കേല്‍ക്കില്ലെന്നുമായിരുന്നു സിംസന്റെ ഞായം.

പലപ്പോഴും ചുരുട്ടിയ മുഷ്ടിയുടെ ഇടയിലൂടെ തള്ളവിരല്‍ തിരുകി കേറ്റി 'കരോട്ട' മുഷ്ടി കാട്ടി അവന്‍ പിള്ളേരുടെ ഇടയിലൂടെ ഭയം വിതച്ചു കറങ്ങി നടന്നു.

തെറുത്തു വെച്ച ഷര്‍ട്ടും, വലിയ ട്രസറും ഇട്ടു വരുന്ന സിംസണിനോടു ചോദ്യം ചോദിക്കാന്‍ ശോശാമ്മ ടീച്ചര്‍ പോലും പേടിച്ചിരുന്നു. പൊടി മീശ തടവി കാലുകളാട്ടി ഇരുന്ന സിംസന്റെ അടുത്തെക്കു പൊലും അവര്‍ വരുമായിരുന്നില്ല.

കൂട്ടത്തില്‍ തടിമിടുക്കുള്ളവനായതു കൊണ്ടും, പള്ളിക്കൂടത്തില്‍ മൂന്നാലു വര്‍ഷത്തെ പഠന പരിചയമുണ്ടായിരുന്നതു കൊണ്ടും, ഉച്ചക്കഞ്ഞിക്കുള്ള ചെമ്പു പാര്‍ന്നു വെക്കുന്നതും, പയറു വിളമ്പുന്നതും സിംസന്റെ അധികാര പരിധിയില്‍ വരും. സിംസണു ഇഷ്ടക്കേടു ഉണ്ടാക്കുന്നവര്‍ക്കു മുന്നില്‍ പയറിന്റെ തവി മാത്രമെ നീളുകയുള്ളു. പാത്രത്തില്‍ ഒരു തുള്ളി പയറു വീഴില്ല.

ബാക്കി വന്ന കഞ്ഞി വീട്ടില്‍ കൊണ്ടു പൊകാന്‍ ശ്രമിച്ച സുകുവിന്റെ ചോറ്റു പാത്രം കഞ്ഞിപ്പുരക്കു മുന്നിലെ നടക്കല്ലിലടിച്ചു ചളുക്കി ആളുകളുടെ മുമ്പില്‍ അവനെ കള്ളനാക്കിയതും സിംസണാണ്‌. ആര്‍ക്കും അവനെ എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല. പരാതി പറഞ്ഞവര്‍ക്കൊക്കെ അവന്‍ നല്‍കിയ ശിക്ഷ ക്രൂരമായിരുന്നു. എല്ലാമറിഞ്ഞിരുന്ന എനിക്കു പോലും അവനെ ഭയമായിരുന്നു

പരീക്ഷക്ക്‌ പേപ്പറു കാണിച്ചു കൊടുക്കുന്നവന്‍ എന്ന നിലക്കു അവനു എന്നോടു വലിയ കലിപ്പുണ്ടായിരുന്നില്ല എന്നു തോന്നുന്നു. അതായിരിക്കണം അവന്‍ ഇപ്പോഴത്തെ ചില ആവശ്യങ്ങള്‍ക്കു എന്നെ സമീപിച്ചതു. ശിവരാമന്‍ പെന്‍സിലിന്റെ രണ്ടറ്റവും കൂര്‍പ്പിച്ചു നടക്കുന്നതാണു സിംസണെ പ്രകോപിതനാക്കിയത്‌. എഴുതാനാണെങ്കില്‍ രണ്ടു അറ്റമെന്തിനു ഒന്നു പോരേ..മറ്റേ അറ്റമുപയോഗിച്ചു അവനാരെയെങ്കിലും കുത്തുമെന്നാണ്‌ സിംസന്റെ വാദം.

ശിവരാമന്‍ ആളു പാവമാണെങ്കിലും അവനാരെയെങ്കിലും കുത്തുമോ ഇല്ലയൊ എന്നെനിക്കു തീര്‍ച്ചയാക്കാന്‍ മാത്രമുള്ള അടുപ്പം എനിക്കവനോടൊട്ടില്ലായിരുന്നു താനും. ശിവരാമന്‍ പോലീസുകാരന്റെ മകനായതിനാല്‍ ഇത്തവണ നേരിട്ടു ഇടപെടാന്‍ സിംസണു താല്‍പ്പര്യമില്ല. നാലുമണിക്കു കബഡി കളിക്കുമ്പോള്‍, ശിവരാമനെ കാലു വെച്ചു വീഴ്ത്തിക്കൊടുക്കണം എന്നാണെനിക്കു അവന്‍ തന്ന നിര്‍ദ്ദേശം. മുഖമടച്ചു വീണു കഴിഞ്ഞാല്‍ ബാക്കി സിംസണ്‍ ചെയ്തോളുമത്രെ.

ഇതിനു കൂട്ടു നിന്നാല്‍ എന്നെ അവന്റെ അടുത്ത കൂട്ടാക്കാമെന്നാണു വാഗ്ദാനം.
പിന്നെ എനിക്കാരെയും പേടിക്കാതെ നടക്കാമല്ലോ..
സിംസണ്‍ ബാക്കി എല്ലാം നോക്കിക്കോളും.. സിംസണ്‍ ആളു ഉശിരനാ...
സിംസണ്‍ എന്റെ കൂട്ടുകാരന്‍....

---------------------------------------------------------------------------------

വാല്ക്കഷണം: ഇന്ത്യാ- യു.എസ് ആണവധാരണയായി

Comments

വാല്‍ക്കഷ്ണം വായിച്ചപ്പോള്‍ ചിത്രം പൂര്‍ണ്ണം?
ഇത് തീര്‍ച്ചയായും കൂടുതല്‍ വായനയര്‍ഹിക്കുന്നു.
രാജ് said…
ഇന്നലെ വായിച്ചപ്പോഴെ ഞാന്‍ പറയാന്‍ വന്നതാണു്, ഇതു ബ്രില്യന്‍സാണു്. ബുദ്ധികൊണ്ടു കഥയെഴുതുന്നു.
സു | Su said…
ഈ സിംസണെ എവിടെ കിട്ടും?
സൂഫീ..
കഥ വാല്‍കഷ്ണം ചേര്‍ത്ത് വായിക്കുമ്പോള്‍ വളരെ ഹൃദ്യമാകുന്നു.
Anonymous said…
സിംസണ്‍ സിംസണിനു വേണ്ടി കുഴികുത്തുന്നു.
ഒരു കൂട്ടം മനുഷ്യര്‍ സമൂഹമായിമാറുന്നതും അവിടെ നിയമങ്ങളുണ്ടാവുന്നതും അതു പാലിക്കപ്പെടൂകയും ലംഘിക്കപ്പെടുകയും ചെയ്യുന്നതും അതു രാഷ്ട്രമാവുന്നതും എല്ലാം, ഒരു ദ്വീപില്‍ ഒറ്റപ്പെട്ടുപോകുന്ന കുറച്ചു കുട്ടികളിലൂടെ പറഞ്ഞുവച്ച ഒരുഗ്രന്‍ നോവലുണ്ടു്‌, വില്യം ഗോള്‍ഡിങ്ങിന്റെ -lord of the flies.

താരതമ്യപെടുത്താനല്ല ഈ കമന്റു്‌, ഗഹനമെന്നുകരുതി തലപുയ്ക്കപ്പെടുന്ന പല രാഷ്ട്ര-കച്ചവടതന്ത്രങ്ങളും ഒന്നോര്‍ത്താല്‍ ലളിതമായ ഇത്തരം മനോഭാവങ്ങളാണെന്ന പ്രഖ്യാപനം പോലെ തോന്നിയ സൂഫിയുടെ ഈ വരികള്‍ ആ പുസ്തകത്തെ ഓര്‍മ്മിപ്പിച്ചു വെന്നു പറയാന്‍. കൂട്ടത്തില്‍ സൂഫിയുടെ നോവല്‍ വായിച്ചു രസിക്കുന്നുണ്ടെന്നറിയിക്കാനും ;)
നന്ദി
Kalesh Kumar said…
സൂഫീ, കിടിലം കിടിലം!
സൂഫി,
ഇതും ഇഷ്ടമായി.
പണ്ട്ത്തെ ഒരു സംഭാഷണമോര്‍മ്മയില്‍ തട്ടി.
ബുഷ് സദ്ദാമിനെ ആക്രമിച്ചതെന്തിനെന്നു അപ്പുവിനറിയണം. അന്നവനു മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞുകൊടുത്തതിങ്ങനെ.
“അത് ബുഷിനു സദ്ദാമിന്റെ മീശ ഇഷ്ടപ്പെട്ടില്ല. ഷേവു ചെയ്തു കളയാന്‍ പറഞ്ഞു. സദ്ദാം വകവെച്ചില്ല. എന്നാലവനെയൊരു പാഠം പഠിപ്പിക്കണമെന്നായി ബുഷ്. അതാ..”
ഒരു പോസ്റ്റ്‌ അതിന്റെ കമന്റ്‌ എന്ന രീതിയിലല്ലാതെ സൂഫിയുടെ വര്‍ക്കിനെക്കുറിച്ച്‌ (ഇവിടെയും പ്രിന്റിലും പ്രസിദ്ധീകരിച്ചവ) ഗൌരവമായി ഒരു പഠനം നടത്തണമെന്നാഗ്രഹിക്കാന്‍ തുടങ്ങിയിട്ട്‌ ദിവസമേറെയായി.. കോമഡിയെഴുത്തുപോലെ ലൈറ്റ്‌ ആയി എടുക്കാവുന്ന കാര്യമല്ലാത്തതുകൊണ്ട്‌ സമയം കുറച്ചൊന്നും പോരാ എന്നതാണ്‌ പ്രശ്നം- ഇതൊക്കെ ഇനി എന്നാണാവോ ചെയ്യുന്നത്‌? റിട്ടയര്‍ ചെയ്തിട്ടോ..
Unknown said…
സൂഫി,

സൂചന സൂചന സൂചന മാത്രം..
സൂചന കണ്ട് പഠിച്ചില്ലെങ്കില്‍..

സിംസണ്‍ ഒരു രോഗമോ?
അതോ രോഗലക്ഷണമോ?
ശിവരാമനെ കാലു വെച്ചു വീഴിക്കാന്‍ പറ്റില്ല എന്നു സിംസനോട്‌ പറയാനുള്ള ധൈര്യം, സൂഫിക്കെന്നല്ല ക്ലാസ്സില്‍ ആര്‍ക്കും ഇല്ലല്ലോ..

അപ്പോ പിന്നെ, സിംസണ്‍ കീ ജയ്‌.. ( നിന്നെ പിന്നെ എടുത്തോളോടാ എന്നു പതുക്കെ..)

സൂഫി, നന്നായിരിക്കുന്നു.
വളരെ നല്ല സറ്റയര്‍, സൂഫി.

സൂഫിയും സാക്ഷിയും അതുല്യയും പെരിങ്ങോടനും ഏവൂരാനുമൊക്കെ ബ്ലോഗുകഥകളെ "മാതൃഭൂമി"യുടെയും മറ്റും നിലവാരത്തിലെത്തിക്കുന്നു.
സൂഫി said…
സിബു, പെരിങ്ങോടാ, സാക്ഷി, സു, ഇബ്രു, തുളസി, യാത്രാമൊഴി,കണ്ണൂസ്‌, കലേഷ്‌, നളന്‍
നന്ദി, ഭൂതകാലക്കുളിരില്‍ നടന്ന ചൂടു പിടിച്ച ചര്‍ച്ച ഞാന്‍ കണ്ടിരുന്നു.
കയ്യൂക്കുള്ളവന്റെ രാഷ്ട്രീയം വളരെ നാളുകളായി എന്റെ ഉറക്കം കെടുത്തുന്നു.
എങ്ങനെ പ്രതികരിക്കണം എന്ന ആശങ്കയിലാണു ഞാന്‍. നേരിട്ടു പറയുന്നതിനേക്കാള്‍ വളച്ചുകെട്ടി പറയുന്നതാണുചിതമെന്നു തോന്നി.

സിദ്ധു പറഞ്ഞപ്പോ ഞാന്‍ ഓര്‍ക്കുന്നു ഞാനാ പുസ്തകത്തിന്റെ മലയാളം ചെറുപ്പത്തിലെങ്ങോ വായിച്ചിട്ടുണ്ടു… ഞാനന്ന് വല്ലാതെ ആ ലോകത്തിലേക്കു വലിച്ചിഴക്കപ്പെട്ടിരുന്നു…ഒരു തരം ഹോണ്ടിംഗ് എഫെക്ട്..! ഇന്നിപ്പോള്‍ സീരിയസ് ആയി ഒന്നു കൂടെ വാ‍യിച്ചാല്‍ കൊള്ളാമെന്നുണ്ട്.

ദേവേട്ടാ… ഗൌരവമായി ഒരു പഠനം നടത്താനുള്ള വഹകളൊന്നും എന്റെ വരികളിലുണ്ടെന്നുള്ള
വിശ്വാസം എനിക്കില്ല. ഇനി താങ്കളുടെ കാകദ്രൃഷ്ടിയില്‍ എന്തെങ്കിലും പതിഞ്ഞതു താങ്കളുടെ വരികളില് വായിക്കാന്‍ എനിക്കു അതിയായ താല്പര്യം ഉണ്ടു താനും.

ഉമേശന്മാഷെ, പാവപ്പെട്ടവന്റെ മാതൃഭൂമി… മലയാളം ബൂലോഗം :)
ഞാന്‍ എന്റെ അഭിപ്രായം ഉമേഷിന്റെ ബ്ലോഗില്‍ നിന്നു കടമെടുത്തെന്റേതാക്കി എഴുതട്ടെ..
സൂഫിയും സാക്ഷിയും പെരിങ്ങോടനും ഏവൂരാനുമൊക്കെ ബ്ലോഗുകഥകളെ "മാതൃഭൂമി"യുടെയും മറ്റും നിലവാരത്തിലെത്തിക്കുന്നു.
അതെന്താ അരവിന്ദേ അതുല്യയോടൊരു അസ്കിത? (പ്രാസത്തിനെഴുതിയതാണേ. “വിരോധം” എന്നേ ഉദ്ദേശിച്ചുള്ളൂ :-) )
സൂഫി said…
അരവിന്ദേ....ഉമേശന്മാഷ് പണി പൂട്ടിച്ചല്ലോ?
അതുല്യേച്ചി കാണണ്ട..
കണ്ടാ‍ല് ഇന്നിവിടെ എന്തേലും നടക്കും
ഒന്നാമതേ തൊട്ടാ‍വാടിയാ.. :)
കുളത്തില്‍ വീണു കുളമായോ സൂഫീ? :-))ഏയ്..സൂഫീ അങ്ങനെയൊന്നും ഉണ്ടാവില്ല.
ഇല്ല ഉമേഷ്ജീ :-), അസ്കിത തീരെയില്ല..ബൂലോഗരില്‍ പരിചയമുള്ളവരില്‍ അതുല്ല്യേചിയോട് ഏറ്റവും നല്ല ഒരു സൌഹൃദം ഉണ്ട് താനും.
ആരുടേയും പോസ്റ്റുകള്‍ നല്ലതല്ലെന്നു പറഞ്ഞതല്ല. എന്റെ കാഴ്ചപ്പാട്, മാതൃഭൂമി ഒരു റെഫറന്‍സ് ആക്കിയെടുത്തു പറഞ്ഞു എന്നേയുള്ളൂ.
അതുല്യയൊക്കെ ബൂലോഗത്തിലെ trailblazers അല്ലേ..ഒരു സംശയവുമില്ല. പാമരന്മാരുടെ അഭിപ്രായങ്ങള്‍ക്കു ചെവി കൊടുക്കേണ്ടതില്ലെന്ന് ചേച്ചിക്കു നന്നായിയറിയാം. അല്ലേ ചേച്ചീ? :-)

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ