സാമൂഹ്യപ്രതിബദ്ധത - നമുക്കു ചെയ്യാന്‍ കഴിയുന്നത്‌

ആമുഖം

ഇന്നത്തെ തലമുറയുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള എന്റെ ചെറുലേഖനം ഈയൊരു വസ്തുതയെക്കുറിച്ചു പലര്‍ക്കും ചിന്തിക്കുവാനും,തങ്ങളുടെ കാലിക സാഹചര്യങ്ങളൂമായി താരതമ്യപ്പെടുത്തി അവലോകനം ചെയ്യാനും ഉതകി എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌.

(ലേഖനം വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്‌ http://nurungu-chinthakal.blogspot.com/2006/03/blog-post_09.html)

വിഷയസംബന്ധമായി ഒരു അവബോധം സൃഷ്ടിക്കുക മാത്രമായിരുന്നു ലേഖനത്തിന്റെ ഉദ്ദേശം.
പുതിയ തലമുറക്ക്‌ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുന്നു എന്ന ആശങ്കയെ സാധൂകരിക്കാനുതകും എന്നു ഞാന്‍ കരുതിയ കേവലം ഒരു ഉദാഹരണം മാത്രമായിരുന്നു ടെക്നോപാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍.

എന്നാല്‍ വളരെക്കുറച്ചു പേര്‍, വിഷയത്തിന്റെ പ്രസക്തിയെ ഗ്ലോബലായെടുക്കാതെ റ്റെക്നോപര്‍ക്കിനെതിരെ കൊതിക്കെറുവു പറഞ്ഞവന്റെ നേരെ എന്നതു പോലെ, എനിക്കു നേരെ നിശിതവിമര്‍ശനം നടത്തുകയാണുണ്ടായത്‌. മയങ്ങിക്കിടന്ന ചിലരുടെ ചിന്താ സരണിയെ പ്രചോദിപ്പിക്കുവാനായെങ്കിലും പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ ചിലരെങ്കിലും സംശയിക്കുന്നതു കൊണ്ടു മാത്രമാണ്‌ ഈയൊരു അനുബന്ധത്തിനു മുതിരുന്നത്‌.

ലേഖനമുന്നയിക്കുന്ന ഈ സാമുഹ്യപ്രശ്നം ഐ.ടി യെ മാത്രം ബാധിച്ചിരിക്കുന്ന ദുര്‍ഭൂതമാണെന്ന്‌ എനിക്കു തോന്നുന്നില്ല. എല്ലാ തുറകളിലും ഇതിന്റെ അനുരണനങ്ങള്‍ കാണാനുണ്ട്‌. അഭ്യസ്തവിദ്യരും, സാങ്കേതികവിദഗ്‌ദ്ധരും വര്‍ദ്ധിച്ചു വരുന്ന നമ്മുടെ സമൂഹത്തില്‍ ഇതു കൂടുതല്‍ പ്രതിഫലിക്കുന്നതു ഐ.ടി യിലാണെന്ന് മാത്രം.ഇവിടെ കമ്പനി ഉടമകള്‍ ജന്മിയും, ജോലിക്കാരെല്ലാം കുടിയാന്മാരുമാണെന്നു ഞാനൊരിക്കലും കരുതുന്നില്ല. അതിജീവനത്തിനു വേണ്ടി പരസ്പരം സഹകരിച്ചു പോകുന്ന വ്യത്യസ്ത ഘടകങ്ങള്‍ മാത്രമാണിവ.


എന്താണ്‌ പ്രതിബദ്ധത

പ്രതിബദ്ധത എന്നുള്ളത്‌ എന്താണെന്നാണ്‌ പലരും ചോദിക്കുന്നത്‌. ചിലര്‍ക്കിതു പാടിപ്പഴകിയ ക്ലീഷെ ആണ്‌ പോലും.

സമൂഹത്തിനു പ്രത്യക്ഷമായോ പരോക്ഷമായോ ഉപകാരപ്പെടാത്ത നിലയില്‍ വ്യക്തികള്‍ സ്വയം ഉള്‍വലിയുന്ന സെല്‍ഫ്‌ സെന്റ്രിക്‌ ആയ അവസ്ഥ എന്നും സാമൂഹ്യ ആവാസവ്യവസ്ഥയെ തകിടം മറിക്കുക തന്നെ ചെയ്യും എന്നുള്ളതാണ്‌ സത്യം.

ഒരു രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ പങ്ക്‌ കൊള്ളുവാന്‍ അതിലെ പൌരന്മാര്‍ വിമുഖത കാണിക്കുന്നത്‌ രാജ്യത്തോടു ചെയ്യുന്ന അനീതി തന്നെയാണ്‌. ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒളിച്ചോടുന്ന ഒരു ജനത രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ഭാരം മാത്രമാണ്‌. രാജ്യത്തെ ഏറ്റവും വലിയ വിഭവസമ്പത്ത്‌ എന്നു നാം കരുതുന്ന മനുഷ്യവിഭവശേഷി ഇങ്ങനെ തുരുമ്പു പിടിച്ചു പോകുന്നതു വികസിതരാജ്യം സ്വപ്നം കണ്ടു കുതിക്കുന്ന ഒരു രാജ്യത്തിനു തികച്ചും ആശാവഹവുമല്ല.

സാമൂഹ്യപ്രതിബദ്ധത എന്നത്‌ ഡോളറിനു വിലക്ക്‌ വാങ്ങി ആളുകളില്‍ കുത്തിവെക്കാവുന്ന ഒരു മരുന്നാണെന്ന് എനിക്കു തോന്നുന്നില്ല. സമരങ്ങളും, പ്രക്ഷോഭങ്ങളും, തൊഴിലാളി യൂണിയനും, തീവ്രവാദ നയങ്ങളുമാണ്‌ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള വഴികളെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.


നമുക്കു ചെയ്യാന്‍ കഴിയുന്നത്‌

ഈയവസരത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നുള്ളതാണ്‌ വിഷയത്തിന്റെ കാതല്‍. എന്റെ ചില ആശയങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാനാഗ്രഹിക്കുന്നു. ഈ ആശയങ്ങള്‍ എന്റെ മാത്രമല്ല സമാനചിന്താഗതിക്കാരായ ചിലരുമായിട്ടുള്ള ആശയസംവാദത്തില്‍ നിന്നു ഉരുത്തിരിഞ്ഞിട്ടുള്ളതാണെന്നു വ്യക്തമാക്കിക്കൊള്ളട്ടെ.

രാജ്യത്തിന്റെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ളവരായിരിക്കുവാന്‍ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചു നാം സദാ ബോധവന്മാരായിരിക്കേണ്ടത്‌ അനിവാര്യമാണ്‌. സമകാലിക സംഭവങ്ങളില്‍ പ്രതികരിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നമുക്കു കഴിയണം. ശാരീരികമായ പരിമിതികള്‍ക്കപ്പുറം ബൌദ്ധികമായിട്ടെങ്കിലും നമുക്കു പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലാണ്‌ ഇതൊരു പ്രതിസന്ധിയായി മാറുന്നത്‌.

നമ്മുടെ തലമുറ രണ്ടു തരമാണെന്നെനിക്കു തോന്നിയിട്ടുണ്ട്‌. ഒന്നുകില്‍ ഒന്നിലും താല്‍പ്പര്യമില്ലാതെ, പ്രതികരിക്കാതെ, പ്രശ്നങ്ങളില്‍ നിന്നു ഒളിച്ചോടുന്ന അന്തര്‍മുഖ(passive)രായ ഒരു കൂട്ടര്‍, അല്ലെങ്കില്‍ ആവശ്യത്തിലധികം പ്രതികരിച്ചുകൊണ്ടു പ്രകോപിതരവുകയും, നിസ്സാരകാര്യങ്ങള്‍ക്കു പോലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന് മറ്റൊരു കൂട്ടര്‍(aggressive), എന്നാല്‍ ഇതിനു രണ്ടും മദ്ധ്യേ, യുക്തിസഹമായി ചിന്തിക്കുകയും കാര്യകാരണങ്ങളോടെ, സമചിത്തതയോടെ പ്രതികരിക്കുകയും ചെയ്യുന്ന assertive ആയ ഒരു ജനതക്ക്‌ മാത്രമേ ശരിയായ റിസള്‍ട്ടുകള്‍ ഉണ്ടാക്കുവാന്‍ കഴിയൂ.

നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നമുക്കു കഴിയണം. നമ്മുടെ core identity-ക്കു കേട്‌ സംഭവിക്കാത്ത രീതിയിലുള്ള എല്ലാവിധ വിട്ടുവീഴ്ച്ചകള്‍ക്കുമൊപ്പം നയതന്ത്രജ്ഞതയോടെ എങ്ങനെ പെരുമാറണം എന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. ജോലി തരുന്നവന്‍ എന്ന രീതിയില്‍ കസ്റ്റമറെയോ, ക്ലൈന്റിനേയോ ഭയക്കുന്നതിനു പകരം സൌഹൃദപരമായ ഒരു ബന്ധം നമുക്കു സ്ഥാപിക്കാനും, അവശ്യസാഹചര്യങ്ങളില്‍ കാര്യകാരണസഹിതം "No" എന്നു പറയാനും നമുക്കു കഴിയണം.

ഇങ്ങനെ പറയുന്നതിനെ നാം ഭയക്കുന്നത്‌ നമ്മുടെ ചില കേവല മുന്‍ധാരണകള്‍ കൊണ്ടു മാത്രമാണ്‌.

ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത്‌, ഇത്തരം പാരസ്പര്യബോധമില്ലാതെ ഒന്നും തന്നെ ഫലവത്താവുകയില്ല. ഈ പാരസ്പര്യബോധം, ഉപയുക്തത(Utilization)-യും കടന്ന്‌ അറിയാതെ ചൂഷണ(exploitation)ത്തിലേക്കും, വിധേയത്തിലേക്കും വഴിമാറുന്നു എന്നുള്ളിടത്തു മാത്രമാണ്‌ പ്രശ്നം.

ആശയങ്ങളെ വ്യത്യസ്തവീക്ഷണകോണുകളിലൂടെ കാണാന്‍ ശ്രമിക്കുകയും, വിശകലനം ചെയ്തെടുത്ത വസ്തുതകളെ ശരിയായി തുലനം ചെയ്യുകയും, ആശയങ്ങളെ വ്യക്തമായും, ആത്മവിശ്വാസത്തോടെയും സംവേദനം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ നാമാരെയും ഭയക്കേണ്ടതില്ല. മാത്രമല്ല നമ്മുടെ നില പതിവിനേക്കാള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.

ഇതിനായി വേണ്ടതു നമ്മുടെ മനോഭാവ(attitude)-ങ്ങളിലുള്ള മാറ്റമാണ്‌. മനോഭാവം, പെരുമാറ്റ(behavior)ത്തേയും, പെരുമാറ്റം ചിന്തയേയും സ്വാധീനിക്കുന്നു. ഈയൊരു ചാക്രികപ്രവാഹമാണ്‌ നമ്മുടെ ഭാവി നിയന്ത്രിച്ചേക്കാവുന്ന ഒരു സുപ്രധാന ഘടകം.

ഇതിനായി നമുക്കു ചെയ്യാന്‍ കഴിയുന്ന വളരെ ലഘുവായ ചില കാര്യങ്ങളിതാ.

അവനവന്റെ സമയങ്ങളെ ക്രിയാത്മകമായും, ഫലവത്തായും ചെലവഴിക്കുക. ചെലവഴിക്കുക അല്ലെങ്കില്‍ ഉപയോഗപ്പെടുത്തുക എന്നതിലുപരി സമയത്തെ ശ്രദ്ധാപൂര്‍വ്വം നിക്ഷേപിക്കുക. വിശ്വസ്തയോടെ, അത്യന്തം കൃത്യതയോടെ തങ്ങളെ ഏല്‍പ്പിച്ച ജോലി യഥാസമയത്തു ചെയ്തു തീര്‍ക്കുക ആണ്‌ പ്രധാനം.

തന്റേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും രാഷ്ട്രത്തിനു വേണ്ടി ആ മേഖലകളില്‍ സംഭാവന നല്‍കുകയും ചെയ്യുക എന്നതു ഓരോ പൌരന്റേയും ധര്‍മ്മമായി നാം കരുതണം. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയോടെ പദ്ധതികള്‍ തയ്യാറാക്കുക, അവ കൃത്യതയോടെയും, സൂക്ഷ്മതയോടെയും നിര്‍വ്വഹിക്കുക.
ഇവിടെ planning-ഉം execution-ഉം തുല്യ പ്രാധാന്യത്തോടെ കാണാന്‍ നമുക്കു കഴിയണം.

കണ്ടുപിടുത്തങ്ങളുടേയും, പേറ്റന്റുകളുടെയും കാര്യത്തില്‍ നാം വളരെ പിന്നോക്കമാണെന്നതും സമ്മതിക്കാതെ വയ്യ. നമ്മുടെ നാട്ടിലെ ആയുര്‍വേദചികിത്സാരീതികളിലുപയോഗിക്കുന്ന പല പച്ച മരുന്നുകളുടേയും ദീര്‍ഘകാല പേറ്റന്റുകള്‍ അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു എന്നറിയുന്നിടത്താണ്‌ ഇതിന്റെ പ്രസക്തി.

പാരിസ്ഥിതിക പ്രശ്നങ്ങളില്‍ അവബോധമുണ്ടായിരിക്കുക ആണ്‌ മറ്റൊന്ന്. ഇവ പരിഹരിക്കുന്നതിനു ആര്‍ജ്ജിതമായ സാങ്കേതികവിവരങ്ങളെ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭോപ്പാല്‍ ദുരന്തങ്ങളും, എന്‍ഡോസള്‍ഫാനും പോലെയുള്ള പ്രശ്നങ്ങള്‍ ഇനിയുമുണ്ടാവും എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

സര്‍വ്വോപരി മനുഷ്യസ്നേഹിയാവുക എന്നതാണ്‌ പ്രധാനം. യാന്ത്രികമായ ഈ ജീവിതത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്നും, അവിടെ തലചയ്ക്കാനിടമില്ലാതെ അഴുക്കുചാലുകളില്‍ വീണു കിടക്കുന്നവരും, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി, പിടിച്ചു പറിക്കുന്നവരും, ശരീരം വില്‍ക്കുന്നവരും, കൊലപാതകങ്ങള്‍ ചെയ്യുന്നവരും ഉണ്ടെന്നറിയുക. അവജ്ഞയോ, സഹതാപമോ അല്ലാത്ത പ്രായോഗികമായ പരിഹാരങ്ങള്‍ ഇവയ്ക്കു ചെയ്യാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ സാമൂഹ്യപ്രതിബദ്ധത.

മൊത്തം ജനസംഖ്യയുടെ 71% വരുന്ന ഇന്ത്യയിലെ റൂറല്‍ പൊപുലേഷനില്‍ 30%-ത്തിലധികം പേരും ദാരിദ്ര്യരേഖക്കു കീഴെ കഴിയുന്ന സാധുജനങ്ങളാണെന്നിരിക്കെ, ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന 27% വരുന്ന അഭ്യസ്തവിദ്യരില്‍ നിന്നുമല്ലാതെ മറ്റാരില്‍ നിന്നുമാണ്‌ ഇന്ത്യ പ്രതിബദ്ധത പ്രതീക്ഷിക്കണ്ടത്‌?

വെറെ ആരാണ്‌ ഇന്ത്യയുടെ ഭാവി കരുപ്പിടിപ്പിക്കുന്നത്‌?

WTO എന്ന ആശയത്തിന്‌ ഇന്ത്യയുടെ മറുപടി WTI( We Think for India) എന്നതാണെന്ന് പേരറിയാത്ത ഒരു ചിന്തകന്‍ എഴുതിയതായി ഓര്‍ക്കുന്നു. അതു പോലെ IT ക്കു മറുപടിയായി TI( Think India, Team India, Total Innovation) എന്നും.

അവനവനു ചുറ്റും തീര്‍ത്ത കൂടുകളില്‍ നിന്നും, അവനവന്റെ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്നു വിശാലമായി ചിന്തിക്കുക. തുറന്ന ചിന്തകള്‍ക്ക്‌ ഒരു പാടു ദൂരം യാത്ര ചെയ്യാന്‍ കഴിയും.
ഈ മാത്സര്യത്തിന്റെ യുഗത്തില്‍ നമ്മുടെ നാടിനു വേണ്ടി നമുക്കു കൈ കോര്‍ക്കാം. അതിന്റെ ധ്വജം എന്നുമുയര്‍ന്നിരിക്കാന്‍ നമുക്കു പ്രയത്നിക്കാം..

Comments

Anonymous said…
Good, I have read it. Better than the previous one.
Anonymous said…
Gollam last part kalakki!!!!
Anonymous said…
ഇനിയും ഇങ്ങനെയുള്ള ചിന്തകള്‍ തുറന്ന് വിടാനുള്ള മനസ്സ് കാണിക്കണമേ എന്നാശിക്കുന്നു...
ബിജു.
Anonymous said…
സുഫിയുടെ Blogs കുറെയെല്ലാം വായിഛു.അടിപൊളി... എനിക്കു നഷ്ടമായി കൊണ്ടിരിുന്ന ഭാഷ തിരിഛു കിട്ടി.
എന്റെ ബ്ലോഗിലെ പോസ്റ്റിനു വളരെയധികം നന്ദി. അതുവഴി, സീരിയസ്സും ചിലപ്പോഴൊക്കെ രസകരവും ആയ നിങ്ങളുടെയൊക്കെ ബ്ലോഗുകള്‍ വായിക്കാനും കഴിഞ്ഞു. മലയാളത്തില്‍ ഇത്രയും വലിയൊരു ബ്ലോഗുലോകം ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്‌. എഴുതാനൊന്നും അറിയില്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ അതേ പോലെ മലയാളത്തില്‍ എഴുതുമ്പോഴുണ്ടാവുന്ന സംതൃപ്തി കാരണമാണ്‌ ഞാനീ നേരമ്പോക്ക്‌ തുടങ്ങിയത്‌. നിങ്ങളുടെയൊക്കെ പിന്തുണ ആവേശം നല്‍കുന്നു.
Anonymous said…
A real thought provoking article..you are a sufi indeed..!

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌