പൂജ്യം മുതല്‍.... പൂജ്യം വരെ








വൈദേശികമായിട്ടുള്ളതെന്തും നമുക്കു മാതൃകകളാകുന്നതും (models), മാനദണ്ഡങ്ങളാകുന്നതും (Scales) ഇന്നൊരു പതിവായിരിക്കുകയാണ്‌. ദേശീയതയോടുള്ള അവജ്ഞയോടും, മൂന്നാം കിട രാജ്യമെന്നുള്ള അപകര്‍ഷതാബോധത്തില്‍ (inferiority) നിന്നുമുടലെടുക്കുന്ന ഒരു തരം മാനസികരോഗം തന്നെയാണിതെന്നു പറയാം.

പാശ്ചാത്യലോകം ഛര്‍ദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുകയും അതു പരിഷ്‌കൃത സമൂഹത്തിന്റെ(civilized socitey) ലക്ഷണമായി കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു എന്നുള്ളതു ആശങ്കാവഹമാണ്‌.

മെറ്റീരിയലിസത്തിന്റെ പിടിയിലകപ്പെട്ട്‌ ജീവിത മൂല്യങ്ങളും (Values), താത്വിക ബോധവും (Sensitivity) നഷ്ടപ്പെട്ട പാശ്ചാത്യലോകം പുറം ലോകത്തേക്ക്‌ വലിച്ചെറിയുന്നതെന്തൊക്കെയാണെന്നും അതിനു വേണ്ടി ആരൊക്കെയാണ്‌ കടിപിടി കൂടുന്നതെന്നും നിരീക്ഷിക്കുന്നതു രസാവഹമായിരിക്കും.
വെറുമൊരു ഉദാഹരണത്തിന്‌ ഫാഷന്‍ എന്ന പേരില്‍ നടക്കുന്ന കോമാളിത്തരങ്ങള്‍ തന്നെയെടുക്കാം.
വസ്ത്രവിപണിയുടെ വിപണന തന്ത്രങ്ങളുടെ ഭാഗമെന്ന പേരില്‍ നടക്കുന്ന ഫാഷന്‍ ഷോ എന്ന കലാ/കായിക മേള വസ്ത്രമില്ലായ്മയെയാണോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നിപ്പോകും.


യഥാര്‍ത്ഥത്തില്‍ എന്താണ്‌ വസ്ത്രധാരണത്തിലെ ഫാഷന്‍?
മാന്യവും (elegant) ആകര്‍ഷകവും (attractive) സ്വന്തം വ്യക്തിത്വത്തെ (Personality) പ്രതിഫലിപ്പിക്കാനും ഉതകുന്ന വിധത്തിലുള്ളവയായിരിക്കണം ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നത്‌ ഏകപക്ഷീയമായ ഒരു നിര്‍വചനം തന്നെയായിരിക്കും.

സന്ദര്‍ഭത്തിനും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചുള്ള വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആനുകൂല്യത്തിലാണ്‌ പലപ്പോഴും ഫാഷന്‍ എന്ന പദത്തെ ന്യായീകരിക്കപ്പെടുന്നത്‌.
എന്നാല്‍ ഈ ആനുകൂല്യത്തെ ചൂഷണം ചെയ്യുന്ന തരത്തിലും അതിശയോക്തി (exaggeration) കലര്‍ന്ന അതിന്റെ ആവിഷ്‌കാരത്തിലുമാണ്‌ അപകടങ്ങള്‍ പതിയിരിക്കുന്നത്‌.
ഇതിനെ ഒരു അപകടമെന്നു വിശേഷിപ്പിക്കുന്നവരെ കാലത്തിനനുസരിച്ചു മാറാത്ത അപരിഷ്‌കൃതര്‍ എന്നാണ്‌ മറു വിഭാഗം അടച്ചാക്ഷേപിക്കുന്നത്‌. ഇവിടെ ചില ചോദ്യങ്ങള്‍ വീണ്ടുമുയരുന്നു.

എന്താണ്‌ പരിഷ്‌കൃത സമൂഹം (civilized society)?

ഒരു സമൂഹത്തിന്റെ സ്വഭാവരീതികള്‍, ജീവിതരീതികള്‍, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസരീതികള്‍ തുടങ്ങിയവയെല്ലാതിന്റെയും ആകെ തുകയാണ്‌ ആ സമൂഹത്തിന്റെ സംസ്‌കാരം. ഒരു സമൂഹത്തിന്റെ സംസ്‌കാരം പൊതുവായ മാനുഷിക മൂല്യങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ നമുക്കതിനെ പരിഷ്കൃത സമൂഹം എന്നു വിളിക്കാം.

ഇനി ചിന്തിക്കുക..

വസ്ത്രമുടുക്കുന്നതോ അതോ അല്‍പ്പവസ്ത്രമുടുക്കുന്നതോ പരിഷ്‌കാരം??
ഇതിനു ഉത്തരം തേടണമെങ്കില്‍ ആദ്യം വസ്ത്രധാരണം എന്താണെന്നറിയണം. ശരീരത്തെ വസ്ത്രം ഉപയോഗിച്ച്‌ മറച്ചു പിടിക്കുക എന്നതാണ്‌ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്‌. നഗ്നനായിരുന്ന മനുഷ്യന്‌ വിവേകമുദിച്ചതോടെയാണ്‌ താന്‍ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ തോലിലും, മരത്തിന്റെ തോലിലും നഗ്നത ഒളിപ്പിക്കാന്‍ അവന്‍ ശ്രമിച്ചത്‌. അതിനു ശേഷം വസ്ത്രങ്ങളുടെ നിര്‍മ്മാണം അവനെ പരിഷ്‌കൃതിയിലെത്തിച്ചു.
എന്നാലിന്നു മനുഷ്യന്‍ പിന്നോട്ട്‌ നടക്കുകയാണ്‌.. മരത്തോലും...മൃഗത്തോലും പിന്നിട്ടു...വീണ്ടും പഴയ നഗ്നതയിലേക്ക്‌...

അനുദിനം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കു കുതിക്കുമ്പോഴും ചിന്തിക്കുക
എവിടേക്കാണീ യാത്ര?

ആരാണു നമ്മുടെ വഴികാട്ടികള്‍?

ആരാണു നമ്മുടെ മാനദണ്ഡങ്ങള്‍?


"കൈക്കുഞ്ഞേത്തിയ പതിമൂന്നുകാരിയും കൈത്തോക്കേന്തിയ പതിന്നാലുകാരനുമാണ്‌ എന്റെ നാടിന്റെ ശാപം" എന്നു വിലപിച്ച ഒരു അമേരിക്കന്‍ മുന്‍പ്രസിഡണ്ടിന്റെ വാക്കുകള്‍ നമുക്കു കുമ്പസാരമായെടുക്കാമെങ്കില്‍ അതിരുകവിഞ്ഞ ലൈംഗിക അരാജകത്വവും, കണക്കില്ല്ലാത്ത കുറ്റകൃത്യങ്ങളുടെയും ഉറവിടമായ പാശ്ചാത്യ ലോകത്തു നിന്നു വരുന്നതിനെയെന്തിനേയും കണ്ണടച്ചു അനുകരിക്കുന്നതിനു മുമ്പ്‌ നാം അവയുടെ ശരിതെറ്റുകള്‍ ഒന്നു വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

അതിനു കഴിഞ്ഞില്ലെങ്കില്‍ ഒഴുക്കിനൊത്തു നീങ്ങുന്ന താറാവിന്‍ കുട്ടികള്‍ക്ക്‌ ഇതു പോലെ നാളെയൊരിക്കല്‍ വിലപിക്കേണ്ടിവരും.

പാശ്ചാത്യ സാംസ്‌കാരിക അധിനിവേശം (western cultural invasion) ഇന്ത്യയില്‍: ഒരു പഠനം

Comments

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌