ചൂത്‌

തിരുവനന്തപുരത്തെ ആലംകോടന്റെ കുലുക്കിക്കുത്ത്‌ കളിക്കളം മുതല്‍ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രം വരെയുള്ള ദൂരം വളരെ പരിമിതമാണെന്ന സത്യം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നുവെന്നു വേണം പറയാന്‍.

എന്റെ മുമ്പില്‍ നീണ്ട്‌ നിവര്‍ന്ന് പോകുന്ന ക്യൂവിന്റെ നിരയിലേക്ക്‌ എന്നെ വലിച്ചടുപ്പിച്ചു നിര്‍ത്തിയത്‌ കേവലം കൌതുകമോ ജിജ്ഞാസയോ മാത്രമായിരുന്നില്ല. മറിച്ച്‌ ഒരു നിയോഗം പോലെ ഞാനാ നിരയിലലിഞ്ഞു ചേരുകയായിരുന്നു.അതു കൊണ്ടുതന്നെ കാത്തു നില്‍പ്പിന്റെ വിരസത നിറഞ്ഞ ഓരോ നിമിഷവും എന്നെ ചുട്ടു പൊള്ളിച്ചു കൊണ്ട്‌ കടന്നുപോകുമ്പോഴും എനിക്ക്‌ മടുത്തില്ലെന്നു തന്നെ പറയാം.

അരണ്ട നിലാവും നേര്‍ത്ത മഞ്ഞുമുള്ള ആ തണുത്ത രാത്രി എന്നെ കൊണ്ടു ചെന്നെത്തിച്ചത്‌ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലെ ചൂതാട്ടകേന്ദ്രത്തിലാണോ അതോ ജര്‍മ്മന്‍ തീരദേശപട്ടണമായ ഡസല്‍ഡോര്‍ഫ്ഫിലെ വാതുവെപ്പു ക്ലബ്ബിലാണോ എന്നെനിക്കു തീര്‍ച്ചയില്ലായിരുന്നു. കാരണം രണ്ടു വഴികളും ചെത്തിച്ചീകിയ കരിങ്കല്ല് പാകിയ നനഞ്ഞ നിരത്തുകളായിരുന്നു.

കളി തുടങ്ങിയ മേശക്കരികില്‍ ഇരിക്കുമ്പോള്‍...അപ്പോള്‍ മാത്രമാണ്‌ ഞാന്‍ കളിക്കാരെ തിരിച്ചറിഞ്ഞത്‌.

കറുപ്പും ചുവപ്പും നിറഞ്ഞ കളങ്ങള്‍ക്കു ചുറ്റും നിറഞ്ഞിരുന്നവരില്‍ ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധരുമുണ്ടായിരുന്നു. മുഷിഞ്ഞ തഴപ്പായ നിരത്തിവിരിച്ച ആലം കോടന്റെ കുലുക്കിക്കുത്തു കളത്തിനും ചൂതാട്ടകേന്ദ്രത്തിലെ നരച്ചമേശവിരിപ്പിനും വാതുവെപ്പ്‌ കേന്ദ്രത്തിലെ എല്‍.സി.ഡി മോനിട്ടറുകള്‍ക്കും ഒരേ മുഖച്ഛായയായിരുന്നു.

ചെറുപ്പക്കാരനായ അലക്സി ഇവാനോവിച്ച്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌? പ്രാണസഖി പോളിന അലക്സാണ്‍ഡ്രോവ്‌നക്ക്‌ വേണ്ടിയോ അതോ ചൂത്‌ കളിഭ്രാന്ത്‌ മൂത്ത അന്റോണിഡ മുത്തശ്ശിക്ക്‌ വേണ്ടിയോ?

എന്നാല്‍ ഫ്യോദാര്‍ ദസ്തയേവ്‌സ്കിക്കു വേണ്ടിയാണ്‌ അലക്സി കളിക്കുന്നതെന്നറിഞ്ഞപ്പോഴാണ്‌ ഫ്യോദാറിന്റെ പിന്നില്‍ നിന്നിരുന്ന കഷണ്ടി കയറിയ ആ മദ്ധ്യവയസ്ക്കനെ ശ്രദ്ധിച്ചത്‌.

ദസ്തയേവ്‌സ്‌കിയെക്കോണ്ട്‌ കരു നീക്കുന്നത്‌ മറ്റാരുമായിരുന്നില്ല അത്‌ പെരുമ്പടവം ശ്രീധരനായിരുന്നുവെന്നതു എന്റെ ദേശസ്നേഹത്തിനെ ഊതിക്കത്തിച്ചു.

തഴപ്പായില്‍ കുമിഞ്ഞ്‌ വീഴുന്ന നാണയത്തുട്ടുകളില്‍ ആര്‍ത്തിയോടെ നോക്കി ആലം കോടന്‍ ആവേശം പൂണ്ടു.

"വെയ്‌ രാജാ വെയ്‌!"
"ഒന്നു വെച്ചാ രണ്ട്‌... രണ്ട്‌ വെച്ചാ...."

കളിയുടെ ലഹരിയില്‍, അതിന്റെ സുരത താളത്തില്‍ ഞാനും ആനന്ദമൂര്‍ഛയിലാഴുമ്പോള്‍ എനിക്കു ചുറ്റും ആളുകള്‍ കൂടിത്തുടങ്ങിയിരുന്നു.

പച്ചപ്പുല്‍ത്തകിടിയിലെ കളിക്കളത്തില്‍ കാലുകളില്‍ നിന്നു കാലുകളിലേക്കു പന്തുരുണ്ടു നീങ്ങുമ്പോള്‍ ഗ്യാലറികളിലെ ആരവങ്ങള്‍ക്കും, ടി.വി. സ്ക്രീനിലെ ഘോഷങ്ങള്‍ക്കുമപ്പുറം ഡസല്‍ഡോര്‍ഫിലെ വാതു വെപ്പ്‌ ക്ലബ്ബില്‍ നിന്നു തോമസിന്‍ ഷ്വാര്‍സ്‌ യൂറോ കൊണ്ട്‌ പകിട കളിച്ചു.
അതു കണ്ട്‌ ചൂതുകളിയില്‍ ഇതിഹാസമെഴുതിയ എന്റെ ദേശത്തെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ രോമാഞ്ചമണിഞ്ഞു.

പിന്നീട്‌ നടന്നത്‌ കളിക്കളതിലെ പോരാട്ടങ്ങളായിരുന്നു. ചുവപ്പിലും കറുപ്പിലുമുള്ള കളങ്ങളില്‍ ചക്രത്തിന്റെ സൂചികള്‍ തെന്നി നില്‍ക്കുകയും തെന്നി മാറുകയും ചെയ്തു. തകരപ്പാട്ടകളില്‍ കട്ടകള്‍ പല വട്ടം തിരിഞ്ഞ്‌ മറിഞ്ഞു. കാലില്‍ തട്ടിയും തടഞ്ഞും പന്തുകള്‍ വലകളുടെ നേര്‍ക്ക്‌ പാറി നടന്നു...

നിമിഷാര്‍ദ്ധങ്ങളില്‍ ഭാഗ്യനിര്‍ഭാഗ്യം കൊണ്ട്‌ അമ്മാനമാടുന്നവര്‍...
വിജയത്തിന്റെ നുരക്കുന്ന ലഹരിയും, പരാജയത്തിന്റെ കയ്പ്പ്‌ നിറഞ്ഞ നൈരാശ്യവും ചെന്നെത്തുന്നത്‌ ഉറക്കാത്ത കാല്‍വെപ്പുകളിലേക്ക്‌ തന്നെ.

അവസാനത്തെ റൂബിളും കളിച്ച്‌ തീര്‍ത്ത്‌ ഒരു കോപ്പക്കിനുള്ള ചില്ലിക്കാശു പോലും കയ്യിലില്ലാതെ വിഷണ്ണനായി, അന്ന ഗ്രിഗറിവ്‌ന സ്നിറ്റ്‌കിനയുടെ ചുമലില്‍ താങ്ങി നീങ്ങുന്ന ദസ്തയേവ്‌സ്കിയെ നോക്കി പെരുമ്പടവം ഇങ്ങനെ പ്രസ്താവിച്ചു..

"ജീവിതം തന്നെ ഒരു ചൂത്‌ കളിയാണ്‌. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ... ലാഭ നഷ്ടങ്ങളുടെ ഒരു നാശക്കളി. അതിനകത്ത്‌ ആനന്ദമൂര്‍ച്ഛയും, വാശിയും, പകയും, സ്നേഹവും, സഹതാപവും, വഞ്ചനയും, കെണിയും, വ്യാമോഹങ്ങളും, നിരാശയും, ശത്രുതയും, അഹന്തയും, ദൈന്യവും, നാശവും, മരണവുമുണ്ട്‌"

അപ്പോള്‍ ഫ്യോദാര്‍ ദസ്തയേവ്‌സ്കി തിരിഞ്ഞ്‌ നിന്നു മന്ദഹസിച്ചു..

" എന്താണിതിലില്ലാത്തത്‌?"

ഹൃദയത്തിന്റെ മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാളുടെ ചിരി ഞാന്‍ കണ്ടു.

അതെനിക്കൊരു വെളിപാടായിരുന്നു.
------------------------------------------------------------------------------------------

* 10 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഞാന്‍ ദസ്തയേവ്‌സ്കിയെ വായിക്കുന്നത്‌. ഇപ്പോള്‍ എഴുതി 10 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനവും വായിച്ചു.
അതില്‍ നിന്നുണ്ടായ ഒരു സ്പാര്‍ക്കണ്‌ ഈ രചന.

Comments

സൂഫീ.
വളരെ നാളുകള്‍ക്ക് ശേഷമുള്ള ചൂതാട്ടം കൊണ്ടുള്ള തിരിച്ച് വരവ് നന്നായിരിക്കുന്നു. വ്യത്യസ്തമായ പ്രമേയം, അതിന്റെ പൂര്‍ണ്ണമായ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

ഓഫ് ടോപ്പിക്: 1. ഒരു കോപ്പക്കിനുള്ള ചില്ലിക്കാശു പോലും കയ്യിലില്ലാതെ വിഷണ്ണനായി, എന്ന് കണ്ടു. കോപ്പക്ക് റൂബിളിന്റെ ചെറിയ ഫ്രാക്ഷനാണെന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോള്‍ കണ്‍ഫ്യൂഷനായി.
2. സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ഒരു ഇത്തിള്‍ കണ്ണിയായാണ് എനിക്ക് തോന്നിയത്. ദസ്തയേവ്സ്കി നോവലുകള്‍ വായിച്ച് ‘സങ്കീര്‍ത്തനം പോലെ ‘ വായിക്കുമ്പോള്‍ ഒരു തരം ജാള്യത തോന്നി.
സൂഫി said…
ഇബ്രാനേ നന്ദി,
കോപ്പക്ക്‌ പൈസ റൂബിള്‍ രൂപയുടെ ഒരു ഫ്രാക്ഷന്‍ തന്നെയാണെന്നാണെന്റേയും ധാരണ. പറഞ്ഞു വന്നപ്പോള്‍ തലതിരിഞ്ഞോ?

വായിക്കാതെ ഇരുന്നു വായിക്കുമ്പോള്‍ എനിക്കെന്തൊക്കെയോ പുതുമകള്‍..
അതു കൊണ്ട്‌ എഴുതിപ്പോയതാണ്‌. പെരുമ്പടവം ദസ്തയേവ്‌സ്കിയെ മുഴുവന്‍ അളന്നു എന്നെനിക്കും തോന്നുന്നില്ല. പക്ഷെ പുസ്തകത്തിന്റെ ആമുഖത്തിലും മറ്റും പ്രശസ്തരുടെ അനുമോദനാവാചകങ്ങള്‍ നിരവധി കണ്ടു.
ഞാനിപ്പോള്‍ പൌലോ കൊയ്‌ലോയുടെ ഫിഫ്ത്‌ മൌണ്ടന്‍ വായിക്കുന്നു..
മറ്റൊരനുഭവം! അതെക്കുറിച്ചും എഴുതാന്‍ ആഗ്രഹമുണ്ട്‌
Kalesh Kumar said…
സൂഫി, തിരിച്ചുവരവ് കലക്കി!
നന്നായിട്ടുണ്ട് ചൂത്!
സൂഫീ, നന്നായിരിക്കുന്നു. പെരുമ്പടത്തിന്‍റെയും ദസ്തെയവ്സ്കിയുടെയും തട്ടകങ്ങള്‍ എന്‍റേതും കൂടിയായതിനാല്‍ എനിക്കിത് ഒന്നു കൂടി ഹൃദ്യമായി തോന്നിയതില്‍ തെറ്റൊന്നുമില്ല.രണ്ട് തട്ടകങ്ങളും സംഗമിക്കുന്നതാകട്ടെ, ഒരു ചൂതട്ട കേന്ദ്രത്തിലാണെങ്കില്‍(അതും എന്‍റെ തട്ടകമോ?) പോലും, അത് അതീവ ഹൃദ്യം.

ഓ:ടോ: റഷ്യന്‍ പേരുകളെ മലയാളീകരിക്കുമ്പൊള്‍ ചിലതഒക്കെ അരോചകമായി തോന്നാറുണ്ട്.
ഉദാഹരണത്തിന് പോളിന അലക്സാണ്‍ഡ്രോവ്‌ന റഷ്യയില്‍ പലീന അലക്സാന്‍ദ്രേവ്നയാണ്.കളിഭ്രാന്ത് മൂത്ത അന്റോണിഡ മുത്തശ്ശി അന്തോനീന മുത്തശ്ശിയാകാം.
പൊതുവെ റഷ്യയില്‍ പേരുകള്‍ക്ക് പിശുക്കാണ് എന്നാണെനിക്ക് തോന്നുന്നത്. നൂറാളുകളെ എടുത്താല്‍ അതില്‍ മുപ്പതോ നാൽപ്പതോ പേരുകളേ കാണൂ.
ഒന്നു വച്ചാല്‍ രണ്ട്, രണ്ടു വച്ചാല്‍ നാല്,ആര്‍ക്കും വെക്കാം, ഏതിലും വക്കാം, ആന മയില്‍ ഒട്ടകം,
പകിട പകിട പന്ത്രണ്ടേ......ടപ്പേ,

കരു വീണ കളം കാലി, അടിച്ചു കമ്പനിക്ക്, അതായത് സൂഫിക്ക്.....കലക്കി
Anonymous said…
തണുപ്പനേ, സൂഫി ഈ ലിങ്കൊന്ന്‌ സന്ദറ്ശിക്കൂ http://chintha.com/node/654
മുംബാഇയില്‍ ജോലിനോക്കാന്‍ പതിനഞ്ചുകൊല്ലം മുന്‍പ്‌ എത്തിയ കാലം. കാരമസോവ് ബ്രദേഴ്സ് രണ്ടാം വായന. കിടന്ന്‌ വായന, ഇരുന്ന്‌ വായന,റ്റ്രെയിനില്‍ വായന,ബസ്സില്‍ വായന,ലിഫ്റ്റില്‍ വായന..അങനെ കഴിയുന്നു. ഇന്റെര്‍വ്യ്യൂവിന് പോകുമ്പോഴും കയ്യില്‍ ഈ പുസ്തകം തന്നെ. ലിഫ്റ്റില്‍ കയറി വാ‍യിച്ചുകൊണ്ട്‌ നിന്നു. ലിഫ്ട്‌ നാല് തവണ മുകളിലേക്കും താഴേക്കും പോയി വന്നു. ഞാനപ്പോഴും മുഴുകിയ വായന തന്നെ. അവസാനം ലിഫ്റ്റ് അറ്റന്ററ് കയ്യില്‍ പിടിച്ച്‌ വലിച്ചപ്പോളാണ് സ്ഥലകാലബോധം ഉണ്ടായത്‌.
ഷോളോഖോവ്, ടോള്‍സ്റ്റോയ് ദസ്റ്റോയോവ്സ്കി തുടങിയവര്‍...എന്താ പറയാ. എത്ര പറഞാലും മതിവരില്ല.
പെരുമ്പടവത്തിനോട്‌ സംസാരിച്ചപ്പോഴും ദസ്റ്റോയോവ്സ്കി തന്നെയായിരുന്നു നാലുദിവസം സംസാരവിഷയം!-സു-
രാജ് said…
“സങ്കീര്‍ത്തനം പോലെ” തുറക്കാ‍ത്ത പുസ്തകമായി എന്റെ ശേഖരത്തിലുണ്ടു്, എന്തുകൊണ്ടോ വായിക്കുവാന്‍ തോന്നുന്നില്ല - ഒരു പക്ഷെ, prejudice by no reason.

സൂഫി എവിടാര്‍ന്നു ഇത്രകാലം? തിരക്കെല്ലാം ഒഴിഞ്ഞുവോ?
അതെ, ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സങ്കീര്‍ത്തനം വായിച്ചു തീര്‍ന്നപ്പോള്‍ കുറിച്ചിട്ടത്‌, ഇതേ വരികളായിരുന്നു...

ഒരുപക്ഷേ 'എന്താണതിലില്ലാത്തതെന്ന' ചോദ്യം ഞാനൊരു പരിചയാക്കുന്നതുകൊണ്ടുമാകാം, എനിയ്ക്കതേറെ ഇഷ്ടപ്പെട്ടിരുന്നു.


................

ഞാന്‍ ബ്ലോഗുതുടങ്ങും മുന്‍പും വായിച്ചിട്ടുണ്ട്‌ സൂഫിയുടെ നേരുകളും ചിന്തകളും...
കുറച്ചുനാളായി ഒന്നും കാണുന്നില്ലല്ലോയെന്നും ഓര്‍ത്തിരുന്നു.... :)
സൂഫി said…
@തണുപ്പാ...സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗ്ഗിലാണല്ലേ വാസം.
പേരു വിശേഷം നന്നായി. ഇനി ശ്രദ്ധിക്കാം.

@കുറുമാന്‍ സാറേ..
അപ്പം ഇങ്ങളും ഒരു കളിക്കാരനാണല്ലേ

@കലേഷെ എന്നെ മറന്നില്ലല്ലോ സന്തൊഷം :)


@പെരിങ്ങോടാ...
ഞാനൊരു തീര്‍ത്ഥാടനത്തിലായിരുന്നു. ഒപ്പമൊരു ജര്‍മ്മന്‍ സന്ദര്‍ശനവും.
ഫുട്ബോള്‍ തുടങ്ങുന്നതിനു മുമ്പു ഇങ്ങു പോരേണ്ടി വന്നു :(
പെരിങ്ങ്സിന്റെ മുഖം ഞാനിന്നാണ്‌ കാണുന്നത്‌. :)

@സുനിലെ,
സത്യമായിട്ടും ഞാന്‍ ഈ ലേഖനമിപ്പോഴാണ്‌ കണ്ടത്‌. അഭിമുഖം വളരെ നന്നായി ചെയ്തിരിക്കുന്നു.

@മഴനൂലുകള്‍, നിങ്ങളൊക്കെ വന്നതറിഞ്ഞില്ല. ബ്ലോഗ്‌ വായിച്ച്‌ അഭിപ്രായമറിയിക്കാം
സൂഫീ.. വായിച്ചു തുടങ്ങിയപ്പോള്‍ സങ്കീര്‍ത്തനം പോലെയുണ്ടല്ലൊ എന്നു തോന്നി :)പിന്നെയല്ലേ.. നന്നായിട്ടുണ്ട്‌.
മഹാഭാരതത്തിലെ ചതുരംഗം മുതല്‍ ലാസ് വെഗാസിലെ പഞ്ചനക്ഷത്ര ചൂതാട്ടങ്ങള്‍ വരെ മനസ്സില്‍ തെളിഞ്ഞു.
'ചൂത്' നന്നായിട്ടെഴുതിയിരിയ്ക്കുന്നു സൂഫി.
Adithyan said…
സൂഫീ നന്നായിരിയ്ക്കുന്നു...
evuraan said…
സൂഫി,

താങ്കളുടെ എഴുത്തുകള്‍ എനിക്ക് വളരെ ഇഷ്ട്മാണ്. തുടര്‍ന്നും എഴുതണം.

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....