സ്വാതന്ത്ര്യപഥത്തിലെ കറുത്തപടയാളി
( തര്‍ജ്ജനി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്) അമേരിക്കയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ഡഗ്ലസ് വില്‍ഡറിനു ശേഷം, ഈയടുത്തു നടന്ന അമേരിക്കന്‍ ഇടക്കാല തിര്‍ഞ്ഞെടുപ്പില്‍ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ ഡെവല്‍ പാട്രിക്കും ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വായിച്ചറിഞ്ഞതില്‍ നിന്നാണു ഈ ചെറു ലേഖനത്തിന്റെ പിറവി. ഈ വാര്‍ത്ത എന്റെ ഓര്‍മ്മകളെ കൊണ്ട് ചെന്നെത്തിക്കുന്നത് മറ്റെവിടേക്കുമല്ല. അടുത്തു തന്നെ വായിച്ച അമേരിക്കന്‍ ചരിത്ര നോവലിസ്റ്റായ ഹോവാര്‍ഡ് ഫാസ്റ്റിന്റെ "ഫ്രീഡം റോഡ്" (സ്വാതന്ത്ര്യപഥം) എന്ന ആഖ്യായികയിലേക്കാണ്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ ചരിത്ര നോവല്‍, കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്റേയും, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കഠിന പ്രയത്നം കൊണ്ട് അവര്‍ നേടിയെടുത്ത അവകാശങ്ങളുടേയും നേര്‍ക്കാഴ്ചയാണ്. 1861-ല്‍ കറുത്തവരായ അടിമകളെ മോചിപ്പിക്കാനും, അവര്‍ക്ക് സമത്വം നല്‍കാനും പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രതിഷേധി...